തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി സുധാകരനെതിരെ കേസെടുത്ത് പൊലീസ്

Friday 16 May 2025 2:38 PM IST

ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ഐപിസി 465, 468,471 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

1989ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്കുവേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലായിരുന്നു പറഞ്ഞത്.

'സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെ എസ് ടി എയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ. ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്ന് പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15 ശതമാനം ദേവദാസിന് എതിരായിരുന്നു.

ഇവ തിരുത്തി. ഞങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തി. സർവീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂർണമായി പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിക്കാറില്ല. ഒട്ടിച്ച് തന്നാൽ അറിയില്ലെന്ന് കരുതേണ്ട, ഞങ്ങൾ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റൽ ബാലറ്റ് കിട്ടുമ്പോൾ മറ്റാർക്കും ചെയ്യരുത്. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ എനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ല' എന്നും ജി സുധാകരൻ പറഞ്ഞു.

സംഭവം വലിയ വിവാദമായതോടെ ജി സുധാകരനെതിരെ കേസെടുക്കാൻ ഇലക്ഷൻ കമ്മീഷൻ ഇന്നലെ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ അമ്പലപ്പുഴ തഹസീ‍ൽദാർ കെ അൻവറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.