ഇ-കൊമേഴ്സ് മേഖലയിൽ പാകിസ്ഥാന്റെ ഉൽപ്പന്നങ്ങൾക്ക് വിലക്ക്

Friday 16 May 2025 5:33 PM IST

ന്യൂഡൽഹി: പാകിസ്ഥാന്റെ ദേശീയ പതാകകളും ഉൽപ്പന്നങ്ങളും ഇനിമുതൽ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ മാർക്കറ്റുകളിൽ വിൽക്കാൻ പാടില്ല. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എക്സ് അകൗണ്ടിലൂടെയാണ് നിരോധന കാര്യം അറിയിച്ചത്. പാകിസ്ഥാന്റെ ദേശീയ പതാകകളുടെയും ഉൽപ്പന്നങ്ങളുടെയും വിൽപ്പനയുമായി ബന്ധപ്പെട്ട് ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട്, യുബു ഇന്ത്യ, എറ്റ്സി, ദി ഫ്ലാഗ് കമ്പനി, ദി ഫ്ലാഗ് കോർപ്പറേഷൻ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം ഉൽപ്പന്നങ്ങൾ ഉടനടി പിൻവലിക്കാൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. പാകിസ്ഥാനുമായി ബന്ധപ്പെട്ട എല്ലാ ഉൽപ്പന്നങ്ങളും ഉടനെ നീക്കം ചെയ്യണമെന്നും, രാജ്യത്തെ ദേശീയ നിയമങ്ങൾ പാലിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ പാകിസ്ഥാൻ പതാകകളും മറ്റ് ഉൽപ്പന്നങ്ങളും വിൽക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് CAIT (കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്) കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലിനും പ്രഹ്ലാദ് ജോഷിക്കും കത്ത് അയച്ചതിനെ തുടർന്നാണ് നടപടി.

പാക് പതാകകൾ, ലോഗോ പതിച്ച മഗ്ഗുകൾ, ടി-ഷർട്ടുകൾ എന്നിവയാണ് പരസ്യമായി വിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. സിഎഐടിയുടെ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ പ്രസിഡന്റ് ബിസി ഭാർതിയ മന്ത്രി ഗോയലിന് എഴുതിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ സായുധ സേനയുടെ അന്തസ്സിനെയും, ഇന്ത്യയുടെ പരമാധികാരത്തെയും, രാജ്യസ്നേഹിയായ ഓരോ ഇന്ത്യക്കാരന്റെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്നും കത്തിൽ പരാമർശിക്കുന്നു.