തലവരയുടെ താളം, കത്രിക മുതൽ ചട്ടിവരെ
കത്രികത്താളത്തിൽ തലയിൽ കരവിരുതുകൾ കാട്ടുന്ന മുടിവെട്ടുകാരും ചട്ടുകത്താളത്തിൽ ചട്ടിയിൽ കോഴിക്കുട്ടന്മാരെയടക്കം ഇളക്കിമറിക്കുന്ന പാചകക്കാരും തമ്മിൽ ബന്ധമില്ലെന്നു പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അങ്ങനെയല്ല. മനസുവച്ചാൽ, ഹെയർകട്ടിംഗ് സലൂണിൽനിന്ന് അടുക്കളയിലേക്ക് അധികദൂരമില്ല. കൈപ്പുണ്യമുണ്ടെങ്കിൽ ആർക്കും ആരുമാകാം. ഗൾഫിൽ വിസിറ്റ് വിസയിലെത്തിയ പലരും ഇത്തരത്തിൽ പ്രതിഭകളായിട്ടുണ്ട്. നല്ലനടപ്പിനായി വീട്ടുകാർ ഗൾഫിലേക്ക് അയച്ച ഒരു മാന്യദേഹം പണിയൊന്നുമാകാതെ ബുദ്ധിമുട്ടിയപ്പോൾ സഹമുറിയന്മാർ (കൂടെ താമസിക്കുന്നവർ) സുരക്ഷിതമായ ഒരു സ്ഥലത്തെത്തിച്ചു. ദിവസവും ഒരുപാട് തലകളെത്തുന്ന ഒരു ഉത്തരേന്ത്യക്കാരന്റെ സലൂണിലെ ഹെൽപ്പർ. ഇത്തിരി ധൈര്യവും ഒത്തിരി വാചകവുമുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് ഐഡിയ പറഞ്ഞയാൾ ഉറപ്പുനൽകിയപ്പോൾ കക്ഷി സന്തോഷപൂർവം ജോലി സ്വീകരിച്ചു. ആശാനും സീനിയർ ശിഷ്യന്മാരും വാത്സല്യത്തോടെ സ്വീകരിച്ച് കത്രികയും, താളാത്മകമായി മുടി കളയുന്ന ചില കുടുകുടു സാമഗ്രികളും കൈമാറി. ചിക്കൻപോക്‌സ് വ്യാപകമാകുന്ന സമയത്തായിരുന്നു പുതുമുഖത്തിന്റെ രംഗപ്രവേശം. ആശാന്റെ വിശാലഹൃദയത്തെ സകലരും വാഴ്ത്തിയപ്പോൾ സീനിയർ ശിഷ്യന്മാർ ചിരിച്ചു. ചിക്കൻപോക്‌സ് മാറിയവർ കറുത്ത കലകളുമായി മുടിവെട്ടാൻ വരുമ്പോൾ പല സലൂണുകാരും ഒഴിവാക്കുമായിരുന്നു. ഇതിലൊരു സാദ്ധ്യത ആശാൻ കണ്ടെത്തിയിരുന്നു. എക്‌സ്ട്രാ കാശുവാങ്ങി അവരുടെ മുടിവെട്ടാനുള്ള ദൗത്യം ആശാൻ ഏറ്റെടുത്തു. ദൗത്യം പുതിയ ശിഷ്യന്റെ കൈയിലായി. ചിക്കൻപോക്‌സ് മാറിയതും മാറാത്തതുമായ തലകളിൽ കക്ഷി ലേണേഴ്‌സെടുത്തു. പെട്ടിയിൽ കാശുനിറഞ്ഞു, ആശാൻ ഹാപ്പിയായി. പാകിസ്ഥാനി റൊട്ടിക്കും കീമയ്ക്കുമുള്ള (ഒരെണ്ണം കഴിച്ചാൽ ഒരു ദിവസത്തേക്കായി) കാശ് ശിഷ്യന് നൽകി ആശാൻ അടുത്ത ബിസിനസുകൾ പ്ലാൻ ചെയ്തു. കടയിൽ ചിക്കൻപോക്‌സുകാർ നിറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ ഗുട്ടൻസ് ശിഷ്യന് മനസിലായത്. ചിക്കൻപോക്‌സ് വസൂരിയായി മാറി സകലരും പേടിക്കുന്ന ഒരു ഡെഡ് ബോഡി വീട്ടുകാർക്ക് നൽകി പരലോകത്തേക്കു പോണോ അതോ രക്ഷപ്പെടണോ എന്ന് സ്‌നേഹമുള്ള ചില സഹപ്രവർത്തകർ ചോദിച്ചു. പേടി കൂടിവന്നപ്പോൾ ശിഷ്യൻ അറ്റകൈ പ്രയോഗം നടത്തി. അയൽരാജ്യത്തെ ഒരു ആറരയടിക്കാരന്റെ കൊമ്പൻമീശയുടെ അഗ്രം ഛേദിച്ചു. തീർന്നില്ല, ഡെക്കറേഷന്റെ ഭാഗമായി വടിക്കുന്നതിനിടെ മുഖത്തും ചെവിപ്പുറമെയുമൊക്കെ ബ്ലേഡു കൊണ്ട് ചില പ്രയോഗങ്ങൾ നടത്തി മലയാളി ആരാണെന്നു തെളിയിച്ചു. വെട്ടിന്റെയും വടിക്കലിന്റെയും സുഖത്തിലിരുന്ന അയൽരാജ്യക്കാരൻ കണ്ണാടിയിൽ നോക്കിയതും അലർച്ചയോടെ ചാടിയെഴുന്നേറ്റു. ചോരപൊടിക്കുന്ന തലയും തുമ്പില്ലാത്ത മീശയും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കടയുടെ മുതലാളിയും സീനിയർ ശിഷ്യന്മാരും ഇറങ്ങിയോടി. പക്ഷേ, സത്യാവസ്ഥ പറഞ്ഞ് ട്രെയിനി തടിയൂരി. കടയിലെ ടി.വിയും ഏതാനും കസേരകളും തകർന്നതൊഴിച്ചാൽ കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. പക്ഷേ അതോടെ ഗുരുജി പറഞ്ഞു, 'മൈ ഡിയർ 'ഡാഷ് കുട്ടാ" ഗെറ്റൗട്ട് ഫ്രം ദി കൺട്രി". പരാജിതനായ മുറിയിലെത്തിയ കൂട്ടുകാരനെ സഹമുറിയന്മാർ ആശ്വസിപ്പിച്ചു- മരുഭൂമി ഒരുപാട് പരീക്ഷിക്കും. എന്നിട്ട് കൈനിറയെ തരും. എന്തായാലും ഒരു വിദ്യ പഠിച്ചല്ലോ. അതും പലതരം വെട്ടുകൾ, ആഫ്രിക്കൻ, അറബിക്, പേർഷ്യൻ വെട്ടുകൾ നയാപൈസ മുടക്കില്ലാതെ പഠിച്ചെടുത്തത് നിസ്സാരമല്ല. നാട്ടിൽപോയാലും കാശുവാരാം. പുലിയല്ല നീ, സിംഹമാണ് എന്നും ഓർമ്മിപ്പിച്ചു. ഏതായാലും തത്കാലം ഈ പണി തുടരാതെ പുതിയൊരു ദൗത്യം ഏറ്റെടുക്കുന്നതാണ് നല്ലതെന്നു കക്ഷിക്കു തോന്നി. മനസിന്റെ നന്മപോലെ ഒരു വഴി വൈകാതെ തുറന്നുകിട്ടി. ബാച്‌ലേഴ്‌സിന്റെ ഒരു മുറിയിലേക്ക് സകലകലാവല്ലഭനായ കുക്കിനെ ആവശ്യമുണ്ടെന്ന് വഴിയരികിലെ പോസ്റ്റിൽ പരസ്യം കണ്ടു. റിസ്‌ക്കില്ലാത്ത പണിയാണെന്നും, വൈകിട്ടത്തെ വീര്യമള്ള സഭകളിൽ എന്തു വിളമ്പിയാലും ബലേഭേഷ് എന്നു പറയുമെന്നും കൂട്ടുകാർ ധൈര്യം പകർന്നു. ബാച്ലേഴ്സിന്റെ അടുക്കളയിൽ എന്തും പരീക്ഷിക്കാം. ഗൾഫിൽ ബാച്‌ലേഴ്‌സ് എന്നു പറഞ്ഞാൽ 20 മുതൽ 60 വയസുവരെയുള്ളവരാണ്. കറുത്ത തലയാണ് യുവത്വത്തിന്റെ അടയാളമെങ്കിൽ ഗൾഫിലെ സീനിയേഴ്‌സ് ടീനേജുകാരാണ്. കക്ഷവും പുരികവും വരെ പെയിന്റടിച്ച് കറുപ്പിക്കുന്നവരെ കണ്ടാൽ പ്രായം തോന്നുകയേ ഇല്ല. ക്ളിപ്പിട്ട് ഉറപ്പിച്ച തൊപ്പിവിഗ്ഗിൽ വരെ പെയിന്റടിക്കുന്നവരും കുറവല്ല.
നിസ്സാരനല്ല, ചിക്കൻ ചിപ്സ്
ബാച്‌ലേഴ്‌സ് ഫ്‌ളാറ്റിലെ സകലരും സ്‌നേഹത്തിന്റെ നിറകുടങ്ങളായിരുന്നു. നിറഞ്ഞ കുടവും കുപ്പിയും ഗ്ലാസുമെല്ലാം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അടയാളങ്ങളാണ്. കുക്കിന് പാചകം അറിയില്ലെന്ന് പുതിയ കൂട്ടുകാർക്ക് ദിവസങ്ങൾക്കകം ബോദ്ധ്യമായി. നീളൻ പരിപ്പുകറി, പയറു പുഴുങ്ങിയത്, തൈര്, അച്ചാറ് എന്നിവ സ്ഥിരമായപ്പോൾ ബാച്‌ലേഴ്‌സിന് അത്ര സുഖിക്കുന്നില്ലെന്നു ബുദ്ധിമാനായ കക്ഷിക്കു മനസിലായി. അതുകൊണ്ടുതന്നെ എന്തെങ്കിലും കേൾക്കും മുൻപ് അങ്ങോട്ടു തട്ടി. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണമെങ്കിൽ കുറേ ദിവസങ്ങൾ വേണം. മനപ്പൊരുത്തം ഒരേ ട്രാക്കിലായാലേ ടേസ്റ്റുകൾ പുറത്തെടുക്കാനാവൂ. നാളെ പുതിയൊരു രുചി വിപ്ലവത്തിന് തുടക്കം കുറിക്കുകയാണെന്നും ചിക്കൻ ചിപ്‌സ് എന്ന അപൂർവ വിഭവം പ്രതീക്ഷിക്കാമെന്നും പ്രഖ്യാപിച്ചപ്പോൾ പാവം ബാച്‌ലേഴ്‌സ് രോമാഞ്ചമണിഞ്ഞു. പിറ്റേന്ന് പ്രതീക്ഷയോടെ എത്തിയവർ ഫ്രൈയിംഗ് പാനിന്റെ അടപ്പ് പൊക്കിനോക്കിയപ്പോൾ എന്തൊ ഒന്ന് ചുരുണ്ടുകൂടി കിടക്കുന്നതു കണ്ടു. രുചിച്ചു നോക്കിയവർ തകർന്നുപോയി. പായ്ക്കറ്റിൽ കിട്ടുന്ന സോസേജ് അതേപടി വറുത്തെടുത്തതായിരുന്നു ചിക്കൻ ചിപ്‌സ്. കോഴിയുടെ ഉപേക്ഷിക്കപ്പെടുന്ന സ്‌പെയർ പാർട്‌സുകൾ അരച്ചെടുത്ത് കുറുവടി പരുവത്തിലാക്കുന്ന സോസേജ് എണ്ണയിൽ മൊരിഞ്ഞ് ചുരുണ്ടുകൂടി കിടക്കുന്നത് കണ്ട് കോഴികളുടെ ആത്മാക്കൾ കരയുന്നത് അന്നാദ്യമായി അവർ കേട്ടു. പക്ഷേ, നന്മയുള്ള ബാച്‌ലേഴ്‌സ് അദ്ദേഹത്തെ കൈവിട്ടില്ല. അധികം വൈകാതെ ആ കൈകളിൽനിന്ന് ചിക്കൻ 65, മട്ടൻ മുഗളായി, മട്ടൻ പെഷവാറി, ചിക്കൻ കറാച്ചി തുടങ്ങിയ വിഭവങ്ങൾ പിറന്നു. ചങ്കൂറ്റമുണ്ടെങ്കിൽ എന്തുമുണ്ടാക്കാം. സ്നേഹമുള്ളവർക്ക് അതി രുചികരമായി തോന്നും. മഹാനായ ആ കുക്ക് ഇന്ന് അറിയപ്പെടുന്ന ഒരു ഹോട്ടലിലെ ചീഫ് ഷെഫ് ആണ്. ബാർബർ ഷോപ്പിലെ കേവലം മുടിനാരുകളിലൂടെ പാചകലോകത്ത് എത്തിയ ഏക പ്രതിഭയാവാം ഇദ്ദേഹം.