ലയം നൃത്ത സംഗീതോത്സവം
Friday 16 May 2025 7:40 PM IST
പയ്യന്നൂർ:ലയം കലാക്ഷേത്രത്തിന്റെ ഈ വർഷത്തെ നൃത്ത സംഗീതോത്സവം ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും പയ്യന്നൂർ കൂർമ്പ ഓഡിറ്റോറിയത്തിലുമായി ആഘോഷിക്കും.കൂർമ്പ ഓഡിറ്റോറിയത്തിൽ 21ന് ഉച്ചക്ക് 2ന് പിന്നണി ഗായകൻ ചെങ്ങന്നൂർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഓൾഡ് ഈസ് ഗോൾഡ് എന്ന പ്രത്യേക സംഗീത പരിപാടിയോടെയാണ് തുടക്കം.വൈകീട്ട് 5ന് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ കലാമണ്ഡലം ഷൈജു , കലാമണ്ഡലം വിശ്വാസ്, കലാമണ്ഡലം ശ്രീജു പവനൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ലയം സാരഥികളെ ആദരിക്കും. തുടർന്ന് നടക്കുന്ന ശാസ്ത്രീയ നൃത്തോത്സവത്തിൽ കലാമണ്ഡലം വനജ രാജന്റെ ശിക്ഷണത്തിൽ ലയം വിദ്യാർത്ഥികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയിൽ അരങ്ങേറ്റം കുറിക്കും. തുടർന്ന് സീനിയർ വിദ്യാർത്ഥികളുടെ നൃത്ത സമന്വയം അരങ്ങേറും.