ഫിറ്റ്നെസിനായുള്ള നെട്ടോട്ടം
വെഞ്ഞാറമൂട്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കാനും സ്കൂളുകളുടെ അറ്റകുറ്റപ്പണി നടത്താനും നെട്ടോട്ടം. സ്കൂൾ ബസ് ഡ്രൈവർമാർക്ക് പ്രത്യേക ക്ലാസ് മോട്ടോർവാഹന വകുപ്പ് നൽകുന്നുണ്ട്. വർക്ക് ഷോപ്പുകളിൽ സ്കൂൾ ബസുകളുടെ തിരക്കാണിപ്പോൾ. പാർട്സുകളും ടയറുകളും മാറ്റാനും മുഴുവൻ പെയിന്റ് ചെയ്ത് മോടി പിടിപ്പിക്കാനുമൊക്കെയാണ് തിരക്ക്. ഫിറ്റ്നെസില്ലാത്ത സ്കൂൾ ബസുകൾ നിരത്തിലിറക്കരുതെന്ന കർശന നിർദ്ദേശമുള്ളതിനാൽ എത്രയുംവേഗം കുറവുകൾ പരിഹരിച്ച് ഓട്ടത്തിന് സജ്ജമാവുകയാണ്.
സ്കൂൾ ബസുകൾക്ക് മാത്രമായി നിശ്ചിത ദിവസങ്ങളിലേക്ക് ഫിറ്റ്നെസ് പരിശോധന നടത്താനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. ഇതു സംബന്ധിച്ച അറിയിപ്പ് സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്.
നിർദ്ദേശങ്ങൾ
ജി.പി.എസ് സുരക്ഷാമിത്ര സൈറ്റുമായി ബന്ധിപ്പിച്ചിരിക്കണം
പരമാവധി വേഗത 50 കിലോമീറ്ററായി നിജപ്പെടുത്തണം
വാഹനത്തിൽ ഹെൽപ്പ് ലൈൻ നമ്പർ എഴുതിയിരിക്കണം
ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിംഗ് പരിചയം
വലിയ വാഹനം ഓടിക്കുന്നവർക്ക് 5 വർഷത്തെ പരിചയം.
ഡ്രൈവർമാർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാകരുത്
സ്കൂൾ ആവശ്യങ്ങൾക്ക് മാത്രമേ സർവീസ് നടത്താവൂ
വാഹനത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട രജിസ്റ്റർ വേണം
കുട്ടികളെ വാഹനത്തിൽ നിറുത്തി യാത്ര ചെയ്യിക്കരുത്.
സ്കൂളുകളിൽ അറ്റകുറ്റപ്പണി
സ്കൂളുകളുടെ അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നെസ് നേടാനുള്ള ഒരുക്കങ്ങൾ തിരക്കിട്ടു നടക്കുകയാണ്. മഴ കാര്യമായി പെയ്യാത്തതും ഗുണമായിട്ടുണ്ട്. ബെഞ്ചുകളുടെയും ഡെസ്ക്കുകളുടെയും അറ്റകുറ്റപ്പണികളും നടന്നുവരുന്നു. പലയിടത്തും സ്കൂൾ കെട്ടിടങ്ങൾ പെയിന്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.