മഴയെത്തും മുൻപെ കുട വിപണി ഉഷാർ

Saturday 17 May 2025 2:18 AM IST

കിളിമാനൂർ: മഴയെത്തും മുൻപെ കുട വിപണി സജീവമാകുന്നു. ഇക്കുറി പൊരിഞ്ഞ ചൂടിൽ പുറത്തിറങ്ങാൻ കുട വേണമെന്നതിനാൽ രണ്ട് മാസമായി കച്ചവടം പൊടിപൊടിക്കുകയാണ്. സ്‌കൂൾ വിപണി സജീവമാകും മുന്നേ കുടയ്ക്ക് ഡിമാൻഡേറി. ബാഗിൽ കൊണ്ടുനടക്കാവുന്ന രണ്ടും മൂന്നും അഞ്ചും മടക്കുകളുള്ള കുടകളുണ്ടെങ്കിലും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കാലൻ കുടകൾക്ക് ആവശ്യക്കാരേറെയുണ്ട്.

വലിപ്പം,നിറം,രൂപകല്പന എന്നിവയുടെ വൈവിദ്ധ്യത്താൽ കുടയിനങ്ങൾ നൂറിന് മേലെയാണ്.സാധാരണ കാലൻകുടകളുടെ സ്ഥാനത്ത് വമ്പന്മാർ ഇടംപിടിച്ചെങ്കിലും ആകർഷണീയമായ ഇത്തിരിക്കുഞ്ഞന്മാരും പിന്നിലല്ല. കാർബൺ ലൈറ്റ് എന്ന പേരിൽ അടുത്തിടെ വിപണിയിലെത്തിയ പുതിയ മോഡലിന് 120 ഗ്രാമാണ് തൂക്കം. ത്രീ ഫോൾഡ് കുടകളുടെ വിവിധ മോഡലകളുമായി വൻകിട കമ്പനികളും കളംപിടിച്ചിട്ടുണ്ട്. ബ്രാൻഡഡ് കുടകൾക്ക് നൂറുരൂപ മുതൽ വിലയും ഉയർന്നു.കടകൾക്ക് പുറമെ വാഹനങ്ങളിൽ കുടയുടെ വഴിയോരക്കച്ചവടവുമുണ്ട്.

മാർച്ച് പകുതിയോടെ ഡിമാൻഡേറി

വെയിൽ ശക്തമായതോടെ കാൽനടയാത്രക്കാർക്ക് കുടയാണ് ആശ്രയം

ബ്രാൻഡഡ് കുടകൾക്ക് നൂറുരൂപ മുതൽ വില കൂടി