ദേശീയപാതയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക്
ചേർത്തല: ദേശീയപാതയിൽ ചേർത്തല കെ.വി.എം ആശുപത്രിക്ക് തെക്കു വശം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.പിക്കപ്പ് വാൻ ഡ്രൈവർ തെങ്കാശി അമ്പത്തൂർ അനിക്കുളം മെയിൻ റോഡിൽ 4/140 നമ്പർ വീട്ടിൽ ആദിമൂലം (24),കാർ ഡ്രൈവർ തൊടുപുഴ കണിയാപറമ്പിൽ അഖിൽ കെ.അനൂപ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ആദിമൂലത്തിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്ന കാറും ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളത്തിന് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്. ഇരു വാഹനങ്ങളുടെയും മുൻഭാഗം കുരുങ്ങിപ്പോകുകയും മുൻഭാഗം പൂർണ്ണമായും തകരുകയും ചെയ്തു. കാർ വലിച്ച് മാറ്റിയ ശേഷം പിക്കപ്പ് വാനിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ ആദിമൂലത്തെ വണ്ടി വെട്ടിപ്പൊളിച്ചാണ് അഗ്നിശമന സേന പുറത്തെടുത്തത്. അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ചേർത്തല ഫയർഫോഴ്സ് സ്‌റ്റേഷൻ ഓഫീസർ ഇൻ ചാർജ്ജ് പി.ഷിബു,അസി.സ്റ്റേഷൻ ഓഫീസർ ആർ.മധു,ഫയർമാൻമാരായ രാകേഷ്, രമേഷ്,അജ്മൽ, അജി, ഷിജോ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.