വാഴത്തോപ്പിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: കൈമനം കരുമം ഇടഗ്രാമത്തിൽ ഒഴിഞ്ഞ വാഴത്തോപ്പിൽ മദ്ധ്യവയസ്കയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
പരേതനായ മുരളി - സുധർമ്മ ദമ്പതികളുടെ മകളും അവിവാഹിതയുമായ ഷീജയുടെ (50) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 10.10ഓടെ കരമന - കളിയിക്കാവിള റോഡിലെ കുറ്റിക്കാട് ലെയിനിലെ ഒഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം.നിലവിളി കേട്ട് സമീപവാസികൾ നോക്കുമ്പോൾ, വാഴത്തോട്ടത്തിൽ ഒരാൾ നിന്ന് കത്തുന്നതാണ് കണ്ടത്.നാട്ടുകാർ ഇവിടേക്ക് എത്തിയെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫോർട്ട് എ.സി എ.പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇന്നലെ രാവിലെയോടെയാണ് മരിച്ചത് ഷീജയാണെന്ന് തിരിച്ചറിഞ്ഞത്.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് ഷീജയുടെ ആൺസുഹൃത്ത് സനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സനോജിന്റെ വീടിനു സമീപത്താണ് വാഴത്തോട്ടം.
ഷീജയും സനോജും കുറച്ചുകാലം ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ഷീജയുടെ വീട് സംഭവസ്ഥലത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ്. ഷീജ രാത്രിയിൽ ഒറ്റയ്ക്ക് ഇവിടേക്ക് എത്തില്ലെന്നും, സനോജ് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നുമാണ് ഷീജയുടെ സഹോദരി ഷീബ പറയുന്നത്. ഉള്ളൂരിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈയിൽസിൽ സെയിൽസ് ഗേളായിരുന്നു ഷീജ.സനോജിന്റെ ഭീഷണി കാരണം മൂന്ന് വർഷമായി ടെക്സ്റ്റയിൽസിനു സമീപമുള്ള ഹോസ്റ്റലിലാണ് ഷീജ താമസിച്ചിരുന്നതെന്ന് സഹോദരി പറയുന്നു.
മന്ത്രി വി.ശിവൻകുട്ടി സംഭവസ്ഥലം സന്ദർശിക്കുകയും ദുരൂഹതയുടെ പശ്ചാത്തലത്തിൽ ഉടൻ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.ഡി.സി.പി നകുൽ ആർ.ദേശ്മുഖും സ്ഥലം സന്ദർശിച്ചു.
ഡോഗ് സ്ക്വാഡ്,വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശാസ്ത്രീയ തെളിവുകൾക്കനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.