ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും 8 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ

Saturday 17 May 2025 2:28 AM IST

കുഴിത്തുറ: കളിയിക്കാവിളയിൽ 8 വർഷങ്ങൾക്കു മുൻപ് ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം വീട്ടിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ ഭാര്യയെയും കാമുകനെയും പ്രത്യേക സംഘം പിടികൂടി.

മടിച്ചൽ നുള്ളിക്കാട്‌വിള സ്വദേശി സെൽവത്തിന്റെ മകൻ ശിവകുമാറാണ് (35) കൊല്ലപ്പെട്ടത്.ഭാര്യ തെങ്ങംപുത്തൂർ സ്വദേശിയായ ഷീജ(21),ഇവരുടെ കാമുകനും കുളപുറം വിളാത്തര സ്വദേശിയുമായ എഴിൽ (35) എന്നിവരാണ് അറസ്റ്റിലായത്.

ശിവകുമാറിനും - ഷീജയ്ക്കും രണ്ട് ആൺമക്കളുണ്ട്.ശിവകുമാർ മദ്യപിച്ച് വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് പതിവായിരുന്നു.ഇതിനിടെ വിദേശത്ത് ജോലി ചെയ്തിരുന്ന എഴിലിനുമായി ഷീജ ഫോൺ വഴി സൗഹൃദത്തിലായി.പിന്നീട് ഇവർ ഇഷ്ടത്തിലുമായി.2017 ഒക്ടോബർ 14നായിരുന്നു കൊലപാതകം.

സംഭവംദിവസ രാത്രിയും ശിവകുമാർ മദ്യപിച്ച് വീട്ടിലെത്തി ഷീജയുമായി വഴക്കിട്ടു. തുടർന്ന് ഷീജ എഴിലിനെ വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് ശിവകുമാറിനെ മർദ്ദിക്കുകയും, തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.തുടർന്ന് മൃതദേഹം കെട്ടിത്തൂക്കി. മരണത്തിൽ ദുരൂഹതയാരോപിച്ച് ശിവകുമാറിന്റെ അമ്മ ശാന്ത കളിയിക്കാവിള പൊലീസിന് പരാതി നൽകി.തുടർന്ന് നിലവിലെ കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.