മാദ്ധ്യമ പ്രവ‌ർത്തകർക്ക് ക്രൂരമർദ്ദനം; മൂന്നുപേർ കസ്റ്റഡിയിൽ

Saturday 17 May 2025 1:54 AM IST

തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിൽ ഇന്നലെ രാവിലെ ദേശാഭിമാനി ഫോട്ടോഗ്രാഫർ എ.ആർ.അരുൺ രാജിനും റിപ്പോർട്ടർ അശ്വതിക്കും ഓട്ടോത്തൊഴിലാളികളിൽ നിന്ന് ക്രൂര മർദ്ദനമേറ്റു. ട്രാഫിക് നിയമം ലംഘിച്ച് റോഡിന് നടുവിൽ നിറുത്തിയിട്ടിരുന്ന ഓട്ടോ ഇൻഡിക്കേറ്ററിടാതെ റോഡിലേക്ക് തിരിഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം.

ഓട്ടോ ബൈക്കിലിടിക്കാൻ വന്നത് ചോദ്യം ചെയ്‌തതോടെ വണ്ടി നിറുത്തി ബി.എം.എസ് തൊഴിലാളിയായ ഡ്രൈവർ മാദ്ധ്യമപ്രവർത്തകരെ തെറി വിളിക്കുകയായിരുന്നു.പിന്നാലെയെത്തിയ ബി.എം.എസ്, ഐ.എൻ.ടി.യു.സി പ്രവർത്തകർ റിപ്പോർട്ടർ അശ്വതിയെ പിടിച്ചുതള്ളി. ഇത് ചോദ്യം ചെയ്തതിനാണ് അരുൺ രാജിനെ വളഞ്ഞിട്ട് ആക്രമിച്ചത്.അരുൺ രാജിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു.ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ തിരുവനന്തപുരം പ്രസ് ക്ലബും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ച മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.