ചാപ്പാറ ട്രഞ്ചിംഗ് ഗ്രൗണ്ട് കപ്പൽ മാതൃകയിൽ സയൻസ് പാർക്ക്

Saturday 17 May 2025 12:40 AM IST

കൊടുങ്ങല്ലൂർ : നഗരസഭയുടെ ചാപ്പാറയിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ട് ആധുനിക ഒബ്‌സെർവേറ്ററികളോടെ സയൻസ് പാർക്കാകും. സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനും ശാസ്ത്രബോധം വളർത്താനും ലക്ഷ്യമിട്ടാണ് സയൻസ് പാർക്ക് ആരംഭിക്കുന്നത്. നാല് നിലകളിലായി കപ്പൽ മാതൃകയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ ഒന്നാം ഘട്ടത്തിൽ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, രണ്ടാം ഘട്ടത്തിൽ സയൻസ് മ്യൂസിയം ബ്ലോക്ക്, മൂന്നാം ഘട്ടത്തിൽ പ്ലാനറ്റേറിയം ആൻഡ് വിഷ്വൽ എൻടെർടെയ്ൻമെന്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളത്.

1073.18 ചതുരശ്ര അടിയിൽ (11,483 സ്‌ക്വയർ ഫിറ്റ്) നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. ഗ്രൗണ്ട് ഫ്‌ളോർ 342.16 ചതുരശ്രമീറ്ററിലും, ഫസ്റ്റ് ഫ്‌ളോർ 339.21 ചതുരശ്ര മീറ്ററിലും സെക്കൻഡ് ഫ്‌ളോർ 335.20 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമുള്ളതാണ്. മൂന്നാമത്തെ ഫ്ളോർ 32.61 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ്.

അനുബന്ധ സൗകര്യങ്ങളും ഇതിനൊപ്പം ഒരുക്കും. ഈ സംസ്ഥാന സർക്കാർ 4.15 കോടിയാണ് വകയിരുത്തിയത്. പി.ഡബ്ല്യു.ഡി കെട്ടിടനിർമാണ വിഭാഗത്തിനാണ് നിർമാണച്ചുമതല. തൃശൂർ എൻജിനീയറിംഗ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗമാണ് രൂപകല്പന ചെയ്തത്. നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടം വൈകാതെ ഉദ്ഘാടനത്തിന് സജ്ജമാകും. കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുള്ള അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശാസ്ത്രീയമായ അറിവുകൾ പകരാകാനും ശാസ്ത്രബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും പാർക്ക് ഉപകരിക്കും. ഒപ്പം മുസിരിസ് ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി ശാസ്ത്ര കുതുകികളെ സ്വീകരിക്കാനും ഈ സയൻസ് പാർക്ക് സജ്ജമായിരിക്കും.

സജ്ജീകരണങ്ങൾ ഇങ്ങനെ

ഗ്രൗണ്ട് ഫ്ളോർ :

ഇലക്ട്രോണിക്‌സ് ലാബ്

അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്

ഒന്നാം നില :

ഫിസിക്‌സ് ലാബ്

കെമിസ്ട്രി ലാബ്

ബയോളജി ലാബ് ആൻഡ് മാത്‌സ് ലാബ്

രണ്ടാം നില :

സെമിനാർ ഹാൾ ആൻഡ് സ്റ്റേജ്

മൂന്നാം നില :

ഒരു തുറന്ന ഹാൾ

  • സർക്കാർ വകയിരുത്തിയത് : 4.15 കോടി
  • നിർമാണച്ചുമതല : പി.ഡബ്ല്യു.ഡി കെട്ടിടനിർമാണ വിഭാഗത്തിന്