ചത്തീസ്ഗഡുകാരന് ഫുള്‍ എ പ്ലസ്

Saturday 17 May 2025 12:44 AM IST

കല്ലൂർ: ചത്തീസ്ഗഡ് സ്വദേശിയും തൃക്കൂർ ഗവ. സർവോദയ സ്‌കൂൾ വിദ്യാർത്ഥിയുമായ സയ്യദ് അക്തറിന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. മലയാളം ഉൾപ്പെടെയുള്ള മുഴുവൻ വിഷയങ്ങൾക്കും ഉയർന്ന മാർക്കാണ് സയ്യദ് അക്തർ സ്വന്തമാക്കിയത്. അഞ്ചാം ക്ലാസ് മുതൽ സർവോദ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പുകളും അക്തറിന് ലഭിച്ചിരുന്നു. മേസൺ ജോലിക്കാരനായ പിതാവ് ഷേഖ് കിത്താബുൾ മുഹമ്മദും കുടുംബവും 15 വർഷത്തോളമായി കല്ലൂരിലാണ് താമസം. വീട്ടമ്മയായ തസ്ലിമയാണ് മാതാവ്. രണ്ട് വർഷം മുമ്പ് സഹോദരൻ ഷാഹിദ് അക്തറും ഫുൾ എ പ്ലസ് നേടിയിരുന്നു. നുറു ശതമാനം വിജയം തുടർച്ചയായി നേടുന്ന സർവോദയ സ്‌കൂളിന് അക്തറിന്റെ മിന്നും വിജയവും പൊൻതുവലായി.