'ഇന്ത്യ' സഖ്യം ദുർബലം, ബി.ജെ.പി ശക്തം: പി. ചിദംബരം
ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളെ വെട്ടിലാക്കി 'ഇന്ത്യ' സംഖ്യത്തിന്റെ ഭാവി ശോഭനമല്ലെന്ന് തുറന്നു പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ബി.ജെ.പി സംഘടിതവും ശക്തവുമാണെന്നും ഡൽഹിയിൽ ഒരു പുസ്‌തക പ്രകാശന ചടങ്ങിൽ ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ പ്രസ‌്‌താവന ഏറ്റുപിടിച്ച ബി.ജെ.പി കോൺഗ്രസിനെയും പ്രതിപക്ഷത്തെയും കളിയാക്കി രംഗത്തുണ്ട്.
കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും മൃത്യുഞ്ജയ് സിംഗ് യാദവും ചേർന്ന് രചിച്ച 'കണ്ടസ്റ്റിംഗ് ഡെമോക്രാറ്റിക് ഡെഫിസിറ്റ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ചിദംബരത്തിന്റെ പ്രസ്‌താവന. പറയുന്നതുപോലെ 'ഇന്ത്യ' സഖ്യത്തിന്റെ ഭാവി അത്ര ശോഭനമല്ല. ഇന്ത്യാ സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഒരുപക്ഷേ സൽമാന് ഖുർഷിദിന് ഉത്തരം നൽകാനായേക്കും. കാരണം അദ്ദേഹം 'ഇന്ത്യ' സഖ്യ രൂപീകരണ ചർച്ചകളിലുണ്ടായിരുന്നു. 'ഇന്ത്യ' സഖ്യം നിലനിന്നാൽ ഞാൻ വളരെ വളരെ സന്തോഷിക്കും. പക്ഷേ അത് ദുർബലമാണ്. വിള്ളൽ പരിഹരിക്കാൻ സമയമുണ്ട്. സംഭവങ്ങൾ ഇനിയും ചുരുളഴിയാനുണ്ട്.
എല്ലാ ബി.ജെ.പി വിരുദ്ധ കക്ഷികളും നന്നായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും ചിദംബരം ചൂണ്ടിക്കാട്ടി. തന്റെ അനുഭവത്തിലും, ചരിത്ര വായനയിലും ബി.ജെ.പിയെപ്പോലെ ഇത്രയധികം സംഘടിതമായ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ നിലകളിലും അവർ ശക്തമാണ്. വെറുമൊരു രാഷ്‌ട്രീയ പാർട്ടിയായി കാണാനാകില്ല.
അഴിമതിയോടുള്ള സ്നേഹത്താൽ ചിലർ രൂപീകരിച്ച കൂട്ടായ്‌മയാണ് 'ഇന്ത്യ' മുന്നണിയെന്ന് ചിദംബരത്തിന്റെ പ്രസംഗം പങ്കിട്ടുകൊണ്ട് ബി.ജെ.പി കേരളാ അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കളിയാക്കി.