തുർക്കി അംബാസഡറുടെ ചടങ്ങ് മാറ്റി വച്ച് ഇന്ത്യ

Saturday 17 May 2025 1:26 AM IST

ന്യൂഡൽഹി: തുർക്കിയുടെ നിയുക്ത ഇന്ത്യൻ അംബാസഡർ അലി മുറാത്ത് എർസോയ് ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി രാഷ്‌ട്രപതിക്ക് യോഗ്യതാപത്രം (ക്രെഡൻസ് ലെറ്റർ) സമർപ്പിക്കുന്ന ചടങ്ങ് മാറ്റിവച്ചു. പാകിസ്ഥാനെ സഹായിച്ചതിന്റെ പേരിൽ തുർക്കിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണിത്. 15നായിരുന്നു രാഷ്‌ട്രപതി ഭവനിൽ ചടങ്ങ് നിശ്ചയിച്ചിരുന്നത്.

നിയുക്ത തായ് അംബാസഡർ ചവനാർട്ട് തങ്‌സുമ്പാന്ത്, നിയുക്ത ബംഗ്ലാദേശ് ഹൈക്കമ്മിഷണർ റിയാസ് ഹമീദുള്ള എന്നിവരും ചടങ്ങിൽ തങ്ങളുടെ യോഗ്യതാപത്രങ്ങൾ സമർപ്പിക്കേണ്ടതായിരുന്നു. ചടങ്ങ് മാറ്റിവച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ഇരു രാജ്യങ്ങളുടെയും ഹൈക്കമ്മിഷനുകൾ അറിയിച്ചു. കാരണം പറഞ്ഞിട്ടില്ലെന്നും പുതിയ തീയതിക്കായി കാത്തിരിക്കുകയാണെന്നും അവർ വിശദീകരിച്ചു.

മാർച്ചിലാണ് അലി മുറാത്ത് എർസോയിയെ ഇന്ത്യയിലെ തുർക്കി അംബാസഡറായി നിയമിച്ചത്. ചടങ്ങ് മാറ്റിയതിനെക്കുറിച്ച് പ്രതികരിക്കാൻ തുർക്കി എംബസി വിസമ്മതിച്ചു. വ്യാഴാഴ്ച ചടങ്ങ് മാറ്റിവച്ചതിന് പിന്നാലെയാണ് തുർക്കി ബന്ധമുള്ള സെലിബി ഏവിയേഷൻ കമ്പനിയെ ഇന്ത്യൻ വിമാനത്താവളങ്ങളിലെ കാർഗോ, ഗ്രൗണ്ട് ഹാൻഡിലിംഗ് ഓപ്പറേഷനുകളിൽ വിലക്കിയ തീരുമാനം വന്നത്.