ഇന്ത്യ എ.ഡബ്ല്യു.എ.സി.എസ് വിമാനം തകർത്തു: മുൻ പാക് വ്യോമസേന മേധാവി

Saturday 17 May 2025 2:20 AM IST

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാക് വ്യോമതാവളമായ ഭൊലാരിയിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ എ.ഡബ്ല്യു.എ.സി.എസ് വിമാനം തകർന്നുവെന്ന് പാകിസ്ഥാൻ വ്യോമസേനാ മുൻമേധാവി. ആക്രമണ മുന്നറിയിപ്പ് നൽകുന്നതും നിയന്ത്രണ സംവിധാനവും ഘടിപ്പിച്ച വിമാനമാണ് എ.ഡബ്ല്യു.എ.സി.എസ് (എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം). പാക് വ്യോമസേനാ മേധാവിയായിരുന്ന റിട്ട. എയർ മാർഷൽ മസൂദ് അഖ്തർ ഒരു അഭിമുഖത്തിലാണ് ഇന്ത്യ ബ്രഹ്മോസ് ഉപയോഗിച്ച് ആക്രമണം നടത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഭോലാരി വ്യോമതാവളത്തിലേക്ക് ഇന്ത്യ നാല് ബ്രഹ്മോസ് മിസൈലുകൾ തൊടുത്തുവിട്ടു. അതിലൊന്ന് നേരിട്ട് എ.ഡബ്ല്യു.എ.സി.എസ് വിമാനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് പതിച്ചു' എന്നാണ് മസൂദ് പറഞ്ഞത്. ആളപായം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കറാച്ചിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭൊലാരി വ്യോമതാവളത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരും മാക്സർ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളും സ്ഥിരീകരിച്ചിരുന്നു.

ഭൊലാരിയിലേത് പാകിസ്ഥാന്റെ ഏറ്റവും പുതിയ വ്യോമത്താവളമാണ്. 2017 ഡിസംബറിൽ ഉദ്ഘാടനം ചെയ്ത വ്യോമതാവളത്തിൽ 2020 ചൈനയുമായി 'ഷഹീൻ IX' എന്ന പേരിൽ വ്യോമാഭ്യാസ പ്രകടനം നടത്തിയിരുന്നു. മേയ് 10നാണ് ഭൊലാരി ഉൾപ്പടെ പാകിസ്ഥാന്റെ 11 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയത്.

അതേസമയം, ഇന്ത്യ ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സ്ഥിരീകരിച്ചിരുന്നു.