യു.എ.ഇ സന്ദർശനം പൂർത്തിയാക്കി ട്രംപ്

Saturday 17 May 2025 2:25 AM IST

അബുദാബി: യു.എസ്​ പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വിദേശ സന്ദർശനം പൂർത്തിയാക്കി ഡൊണാൾഡ്​ ട്രംപ്​ ഇന്നലെ ഉച്ചയ്ക്ക് 2ന് എയർഫോഴ്സ് വൺ വിമാനത്തിൽ അബുദാബിയിൽ നിന്ന്​ മടങ്ങി. 20,000 കോടി ഡോളറിന്റെ കരാറുകൾ രണ്ടു ദിവസങ്ങളായി യു.എസും യു.എ.ഇയും ഒപ്പുവച്ചു. കൂടാതെ പത്തു വർഷത്തിനിടെ അമേരിക്കയിൽ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം യു.എ.ഇ നടത്തുമെന്നും പ്രഖ്യാപിച്ചു.

വ്യോമയാനം, പ്രകൃതി വാതക ഉത്പാദനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലാണ് ഇരു രാജ്യങ്ങളും പ്രധാനമായും കരാറുകൾ ഒപ്പുവച്ചത്. ബോയിംഗ്, ജി.ഇ എയ്‌റോസ്‌പേസ്, ഇത്തിഹാദ് എയർവേയ്സ് എന്നിവ തമ്മിൽ 1,450 കോടി ഡോളറിന്റെ ധാരണാപത്രത്തിലും ഒപ്പുവച്ചു. അബുദാബിയിൽ പുതിയ അഞ്ച് ജിഗാവാട്ട് ശേഷിയുള്ള യു.എ.ഇ - യു.എസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമ്പസ് തുറക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി. പ്രകൃതിവാതക മേഖലയിൽ അമേരിക്കൻ കമ്പനികളായ എക്‌സോൺ മൊബിൽ, ഓക്സിഡന്റൽ പെട്രോളിയം, ഇ.ഒ.ജി റിസോഴ്സസ് എന്നിവയുമായി അഡ്‌നോക് 6,000 കോടി ഡോളറിന്റെ കരാറിലെത്തുകയും ചെയ്തു.

യു.എസ് പതാക

ബുർജ് ഖലീഫയിൽ

ട്രംപിന്റെ യു.എ.ഇ സന്ദർശനാർത്ഥം അമേരിക്കൻ പതാകയുടെ വർണമണിഞ്ഞ് ബുർജ് ഖലീഫ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമേരിക്കയുടെ പതാകയിലെ നിറങ്ങളായ ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ ബുർജ് ഖലീഫ പ്രദർശിക്കപ്പെട്ടത്. ഇതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. വൈറ്റ് ഹൗസും എക്സ് അക്കൗണ്ടിലൂടെ ബുർജ് ഖലീഫയുടെ ചിത്രങ്ങൾ പങ്കുവച്ചു.