'പുലർച്ചെ രണ്ടരയ്‌ക്ക് കരസേനാ മേധാവി വിളിച്ചു, ആശങ്കാജനകമായ നിമിഷമായിരുന്നു അത്'; ഇന്ത്യൻ ആക്രമണത്തിൽ പാക് പ്രധാനമന്ത്രി

Saturday 17 May 2025 7:41 AM IST

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തങ്ങളുടെ പ്രധാന വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. നാല് ദിവസം നീണ്ട യുദ്ധസമാന സാഹചര്യത്തെക്കുറിച്ച് ഇന്നലെ നടന്ന ഒരു ചടങ്ങിലാണ് ഷെഹ്ബാസ് ഷെരീഫ് ആദ്യമായി പ്രതികരിക്കുന്നത്. ഇന്ത്യൻ ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ പുലർച്ചെ 2. 30 ന് കരസേനാ മേധാവി ജനറൽ അസിം മുനീർ തന്നെ വിളിച്ചുണർത്തിയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

“ജനറൽ മുനീർ പുലർച്ചെ 2:30 ന് എന്നെ നേരിട്ട് വിളിച്ച് ആക്രമണങ്ങളെക്കുറിച്ച് അറിയിച്ചു. നൂർ ഖാൻ വ്യോമതാവളത്തിലും മറ്റ് നിരവധി സ്ഥലങ്ങളിലും ഇന്ത്യ ബോംബിട്ടതായി ജനറൽ അസിം മുനീർ പറഞ്ഞു. അത് വളരെ ആശങ്കാജനകമായ നിമിഷമായിരുന്നു”, എന്നാണ് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. ഇതിന്റെ വീഡിയോ ബിജെപിയുടെ ദേശീയ ഐടി സെൽ മേധാവി അമിത് മാൾവിയ എക്‌സിലൂടെ പങ്കുവച്ചു. ഓപ്പറേഷൻ സിന്ദൂരിന്റെ ധീരതയ്ക്കും കാര്യക്ഷമതയ്ക്കും തെളിവാണ് ഇതെന്നും വീഡിയോക്കൊപ്പം അമിത് മാൾവിയ കുറിച്ചു.

ഏപ്രിൽ 22ന് കാശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ 26 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ആക്രമണത്തിന് കാരണം പാക് ഭീകരരായതിനാൽ അവരുടെ താവളങ്ങൾ തെരഞ്ഞുപിടിച്ചായിരുന്നു ഇന്ത്യയുടെ പ്രതികരണം. യുദ്ധസമാനമായ സാഹചര്യം നാല് ദിവസത്തോളം നീണ്ടുനിന്നു. പാകിസ്ഥാൻ അയച്ച 400ലധികം ഡ്രോണുകൾ ഇന്ത്യൻ സൈന്യം നിഷ്‌പ്രയാസം തകർത്തിരുന്നു.