ഇടിമിന്നലേറ്റ് ആറ് സ്ത്രീകൾ അടക്കം ഒമ്പത് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
ഭുവനേശ്വർ: ഒഡീഷയിൽ ഇടിമിന്നലേറ്റ് ആറു സ്ത്രീകൾ ഉൾപ്പടെ ഒമ്പതു പേർ മരിച്ചു. ഒഡീഷയിലെ കോരാപുത്ത്, ജാജ്പൂർ, ഗഞ്ചം, ധെങ്കനാൽ, ഗജപതി ജില്ലകളിലാണ് ഇടിമിന്നലുണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റു. ധെങ്കനാൽ, ഗജപതി എന്നീ ജില്ലകളിൽ മൂന്ന് സ്ത്രീകളാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന വൃദ്ധനും ഗുരുതരമായി പരിക്കേറ്റു. വയലിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടർന്ന് ഇവർ അടുത്തുള്ള ഒരു കുടിലിലേക്ക് കയറി നിൽക്കുമമ്പോഴായിരുന്നു ദാരുണ സംഭവം. മരിച്ച മൂന്ന് പേരും ഒരേ കുടുംബത്തിലെ അംഗങ്ങളെന്നാണ് പൊലീസിന്റെ നിഗമനം. മൂന്ന് സ്ത്രീകളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ജാജ്പൂർ ജില്ലയിൽ, ഇടിമിന്നലേറ്റ് രണ്ട് കുട്ടികളാണ് മരണപ്പെട്ടത്. വൈകുന്നേരം ഇടിമിന്നലുണ്ടായപ്പോൾ ഇരുവരും വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്നുവെന്ന് പ്രദേശ വാസികൾ പറഞ്ഞു. ഇവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് പൊലീസിന്റെ റിപ്പോർട്ട് . മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രികളിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് നൽകുന്ന വിവരം. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും ജില്ലാ എമർജൻസി ഓഫീസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോരാപുത്ത്, കട്ടക്ക്, ഖുർദ, നയാഗഡ്, ജാജ്പൂർ, ബാലസോർ, ഗഞ്ചം എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ ഉച്ചകഴിഞ്ഞും ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്നും, 60 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ അറിയിച്ചതിനെ തുടർന്ന് മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.