നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി, നടപടി വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന്
Saturday 17 May 2025 4:31 PM IST
ചെന്നൈ: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തിൽ വൈദ്യുതി തടസപ്പെട്ടതിനെത്തുടർന്ന് പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും നാഷനൽ ടെസ്റ്റിംഗ് ഏജൻസിയും മറുപടി നൽകുംവരെയാണ് ഫലം തടഞ്ഞിരിക്കുന്നത്. മദ്ധ്യപ്രദേശ് ഹൈക്കോടതിയും ഫലം പുറത്തു വിടുന്നത് തടഞ്ഞിട്ടുണ്ട്.
തിരുവളളൂരിൽ നിന്നുള്ള വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. 45 മിനിറ്റോളം വൈദ്യുതി തടസപ്പെട്ടതിനെ തുടർന്നാണ് പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്നത്. കേസ് ജൂൺ രണ്ടിന് വീണ്ടും പരിഗണിക്കും. കനത്തമഴയെത്തുടർന്നാണ് വൈദ്യുതി തടസപ്പെട്ടതും പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്തതും.