മോഷണം പെരുകുന്നു, കള്ളൻ കാണാമറയത്ത്

Sunday 18 May 2025 1:23 AM IST

കോട്ടയം : മഴക്കാലം തുടങ്ങി. തസ്ക്കരൻമാർ റോന്തുചുറ്റുകയാണ്. ആദ്യം വീടുകൾ കണ്ടുവെയ്ക്കും. പിന്നെ രാത്രിയിൽ കുത്തിത്തുറക്കും. ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പുകയാണ് പൊലീസ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധിയിടങ്ങളിലാണ് മോഷണം നടന്നത്. മഴക്കാല മോഷണത്തിൽ പ്രത്യേക വിരുതുനേടിയവരാണ് ഇതിന് പിന്നിലെന്നാണ് സൂചന. കടുത്തുരുത്തി, ഞീഴൂർ,​ കൂവേലി,​ കാട്ടാമ്പാക്ക് മേഖലകളിലുള്ളവ‌ർ മോഷ്ടാക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. വാഴക്കുല,​ കൃഷിയിടത്തിൽ ഉപയോഗിക്കുന്ന മോട്ടോറുകളും മോഷണം പോയി. ആൾത്താമസമില്ലാത്ത വീടുകളും മോഷ്ടാക്കൾ തേടിയിറങ്ങുകയാണ്. കനത്ത മഴയിൽ രാത്രി വീടിന്റെ ജനാലയോ വാതിലോ പൊളിക്കുന്ന ശബ്ദം വീട്ടുകാർ അറിയില്ല. പള്ളികളുടെയും അമ്പലങ്ങളുടെയും കാണിക്കവഞ്ചി തകർക്കുന്ന സംഭവവും തുടർക്കഥയാണ്.

 പേടിക്കണം തിരുട്ടുഗ്രാമക്കാരെ

മഴക്കാലത്ത് പതിവായി എത്തുന്ന കുപ്രസിദ്ധ മോഷണസംഘമായ തിരുട്ടു ഗ്രാമക്കാരെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുൻവർഷങ്ങളിൽ മഴസമയത്ത് തിരുട്ടുഗ്രാമക്കാരെത്തിയതാണ് ജാഗ്രതാ നിർദേശത്തിന് പിന്നിൽ. വീട് തകർത്ത് ആക്രമിച്ച് മോഷണം നടത്തുന്ന സ്വഭാവക്കാരായതിനാൽ കരുതൽ വേണമെന്നാണ് നിർദ്ദേശം.

പൊലീസ് നിർദ്ദേശം കമ്പിപ്പാര, പിക്കാസ് മുതലായവ വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക

വീടുപൂട്ടി പുറത്തുപോകുന്നത് കൂടുതൽ ദിവസം നീണ്ടാൽ അറിയിക്കണം പത്രം, പാൽ, തപാൽ എന്നിവ നൽകേണ്ടതില്ലെന്ന് നിർദ്ദേശിക്കണം പകൽ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോൺ നമ്പർ സേവ് ചെയ്ത് സൂക്ഷിക്കണം

സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ മോഷണ ശ്രമങ്ങൾക്ക് സാദ്ധ്യത

'' പട്രോളിംഗ് ശക്തമാക്കണം. ടാക്സി, ഹോട്ടൽ, റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം ഉടൻ വിളിക്കണം. അപരിചതരെ കണ്ടാൽ പൊലീസിനെ അറിയിക്കാൻ ജനങ്ങൾ മടിക്കരുത്.

സതീശ്,​ കടുത്തുരുത്തി