നേത്ര ചികിത്സയുടെ പേരിൽ തട്ടിപ്പെന്ന് പരാതി

Sunday 18 May 2025 12:38 AM IST

തിരുവനന്തപുരം: നേത്ര ചികിത്സയ്‌ക്കെത്തിയ മുൻ കോളേജ് അദ്ധ്യാപകനിൽ നിന്ന് വൻ തുക തട്ടിയെടുത്ത് കബളിപ്പിച്ച സ്വകാര്യ ആയുർവേദാശുപത്രിക്കെതിരെ പരാതി. സംസ്‌കൃത സർവകലാശാല മുൻ രജിസ്ട്രാർ പ്രൊഫ. എസ് .ശിവദാസനാണ് ആയുർവേദ ഡയറക്ടർക്കും മലയിൻകീഴ് പൊലീസിലും പരാതി നൽകിയത്.

ഈ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന ആയുർവേദ കണ്ണാശുപത്രിയെക്കുറിച്ചാണ് പരാതി. പക്ഷാഘാതത്തെ തുടർന്ന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ചികിത്സ തേടിയത്. അഡ്മിഷൻ മുൻപ് പരിശോധനകൾക്കായി 5,300 വാങ്ങി. പരിശോധനകൾക്ക് ശേഷം രോഗം വിവരം പറഞ്ഞില്ല.എന്നാൽ അസുഖം പൂർണ്ണമായി മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പത്ത് ദിവസത്തേക്കുള്ള ചികിത്സയ്‌ക്കായി 10,000 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു.ഡീലക്സ് റൂം എന്നപേരിൽ കുടുസുമുറിയാണ് അനുവദിച്ചത്. പരാതിപ്പെട്ടപ്പോൾ മാറ്റി നൽകി. ചികിത്സയൊന്നും ആരംഭിച്ചില്ലെങ്കിലും വീണ്ടും 40,000 രൂപ കൂടി അടയ്ക്കാൻ നിർദ്ദേശിച്ചു. ഗൂഗിൾ പേ വഴി പണം നൽകി. 15 ദിവസം കൊണ്ട് മാത്രമേ ചികിത്സ പൂർത്തിയാകൂവെന്നും വീണ്ടും 85,000 രൂപ കൂടി അടക്കണമെന്നും പറഞ്ഞപ്പോൾ ഡിസ്ചാർജ്ജ് ആവശ്യപ്പെട്ടു. എന്നാൽ ഒരു ദിവസം വൈകിയാണ് ഡിസ്ചാർജ്ജ് അനുവദിച്ചത്. തുടർന്ന് നഗരത്തിലെ മറ്റൊരു കണ്ണാശുപത്രിയിൽ പോയി പരിശോധന നടത്തിയപ്പോൾ മെച്ചപ്പെട്ട പവറുള്ള കണ്ണടയിലൂടെ പരിധിവരെ പ്രശ്നം പരിഹരിക്കുമെന്ന് കണ്ടെത്തിയതായും പരാതിയിൽ പറയുന്നു.