ഷാരൂഖ് ഖാന്റെ കിംഗ്, അമ്മ വേഷത്തിൽ റാണി മുഖർജി

Sunday 18 May 2025 7:01 AM IST

ബോളിവുഡിലെ സൂപ്പർ റൊമാന്റിക് ജോഡികളായിരുന്ന ഷാരൂഖ് ഖാനും റാണി മുഖർജിയും വീണ്ടും ഒരുമിക്കുന്നു. കിംഗ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ റാണി മുഖർജി എത്തുന്നു . എന്നാൽ ഇത്തവണ നായകനും നായികയുമായിട്ടല്ല എന്നാണ് സൂചന. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാന്റെ അമ്മ വേഷമാണ് റാണി മുഖർജി അവതരിപ്പിക്കുന്നത്.

അച്ഛൻ വേഷത്തിൽ എത്തുന്നത് ഷാരൂഖ് ഖാനായിരിക്കുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു. ബോളിവുഡിൽ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, അജയ് ദേവ്‌ഗൺ തുടങ്ങി മുൻനിര നായകൻമാരുടെ ഒപ്പം നായികായി റാണി മുഖർജി അഭിനയിച്ചിട്ടുണ്ട്. എന്നാൽ, പ്രിയ നായകൻ ആരാണെന്ന് ചോദിച്ചാൽ ഷാരൂഖ് ഖാൻ എന്ന മറുപടി റാണി മുഖർജി നൽകാറുണ്ട്. രണ്ടു വർഷത്തിനുശേഷം റാണി മുഖർജി അഭിനയിക്കുന്ന ചിത്രമാണ് കിംഗ്. ഷാരൂഖ് ഖാനും സുഹാന ഖാനും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.

ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, ജാക്കി ഷ്‌റോഷ് തുടങ്ങി വൻ താരനിരയുണ്ട്. സിദ്ധാർത്ഥ് ആനന്ദ് രചനയും സംവിധാനവും നിർവഹിക്കുന്ന കിംഗ് ജൂണിൽ ചിത്രീകരണം ആരംഭിക്കും. ബ്ളോക് ബസ്റ്ററായ പത്താനുശേഷം ഷാരൂഖ് ഖാനും സിദ്ധാർത്ഥ് ആനന്ദും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.