സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം,​ ഫിറ്റ്നസ് പരിശോധന പ്രധാനം

Saturday 17 May 2025 10:04 PM IST

ആലപ്പുഴ: സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്കൂൾകെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധന ഉടൻ ആരംഭിക്കും. ജില്ലയിൽ 20 മുതൽ സ്കൂൾ ബസുകളുടെ പരിശോധന ആരംഭിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഇതിന് മാത്രമായി നാല് ദിവസങ്ങൾ നീക്കിവയ്ക്കും.

പല വിദ്യാലയങ്ങളിലും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. 27ന് മുമ്പ് പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.

സ്കൂൾ പരിസരം വൃത്തിയാക്കുകയും, അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിന് പി.ടി.എയുടെ സഹകരണത്തോടെയാണ് സ്കൂളുകളിൽ പ്രവൃത്തികൾ നടക്കുക. സ്കൂളിനടുത്തെ വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാ ഭിത്തികൾ നിർമ്മിക്കുകയും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസുകൾ എന്നിവ ശുചിയാക്കി അണുവിമുക്തമാക്കണം.

കുട്ടികളെ കൊണ്ടുപോകുന്ന ഇതര വാഹനങ്ങൾ വെള്ള ബോർഡിൽ നീല അക്ഷരത്തിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്നെഴുതിയിരിക്കണം.

സുരക്ഷിത യാത്ര ഉറപ്പാക്കണം

1. സ്കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ചുള്ള മോട്ടോർവാഹന വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണം.ഓട്ടോ,ടാക്സി, വാൻ, പ്രൈവറ്റ് ബസ് എന്നിവയിൽ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കണം

2.കുട്ടികളുടെ ബസ് യാത്രയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കൃത്യമായ സ്റ്റോപ്പുകളിൽ കുട്ടികൾക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം

3.ബസിന്റെ ഫുട്ബോർഡിൽ കുട്ടികൾ യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാകരുത്. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി, പൊലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് നൽകും

4.സ്പീ‌ഡ് ഗവർണർ, ജി.പി.എസ് എന്നിവ നിർബന്ധം.പരമാവധി വേഗത 50 കിലോമീറ്ററാണ്. ജി.പി.എസ് സുരക്ഷാമിത്ര സൈറ്റുമായി ബന്ധിപ്പിച്ചിരിക്കണം.അഗ്നിരക്ഷാ സംവിധാനങ്ങൾ,​ എമർജൻസി വാതിൽ എന്നിവ ഉണ്ടായിരിക്കണം

മോട്ടോർവകുപ്പ്

നിർദ്ദേശങ്ങൾ

 ഡ്രൈവർക്ക് കുറഞ്ഞത് 10 വ‌ർഷത്തെ പരിചയം

 വലിയ വാഹനം ഓടിക്കുന്നവർക്ക് 5 വർഷത്തെ പരിചയം

 കുറ്റകൃത്യങ്ങളുടെ പേരിൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവരാകരുത്

 കുട്ടികളെ വാഹനത്തിൽ നിറുത്തി യാത്ര ചെയ്യരുത്

 സ്കൂൾ ആവശ്യങ്ങൾക്ക് മാത്രം സ‌ർവ്വീസ്

 ഡോർ അറ്റൻഡ‌ർമാർ വേണം

അടുത്ത ആഴ്ച മുതൽ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിക്കും. ഡ്രൈവർമാർക്കായി പ്രത്യേകം ക്ലാസുണ്ടാവും

- എ.കെ.ദിലു, ആർ.ടി.ഒ ആലപ്പുഴ