കാര്യങ്ങൾ വളച്ചൊടിക്കുന്നു,​ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത് ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിന് ശേഷം,​ രാഹുലിന് മറുപടി

Saturday 17 May 2025 10:06 PM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിന് ശേഷമാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതാണ് എസ്.ജയശങ്കർ പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂറിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചെന്നത് വളച്ചൊടിക്കലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂറിലും പിന്നാലെയുണ്ടായ പാകിസ്ഥാനുമായുള്ള സംഘർഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് കേന്ദ്ര സർക്കാരിനോട് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഭീകര കേന്ദ്രങ്ങൾക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തിൽ പാകിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറിന്റെ വീഡിയോ പങ്കുവച്ചായിരുന്നു രാഹുലിന്റെ ചോദ്യം. തന്റെ എക്സ് പേജിലൂടെയാണ് രാഹുൽ പ്രതികരിച്ചത്. പാകിസ്ഥാനെ ഇന്ത്യൻ നീക്കം അറിയിച്ചത് കുറ്റകാരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഏപ്രിൽ 22നാണ് പഹൽഗാം ഭീകരാക്രമണം നടന്നത്. 26 നിരപരാധികളുടെ ജീവനാണ് നഷ്ടായത്. ഇതിന് കൂട്ടുനിന്ന ഒമ്പത് പാക് ഭീകരകേന്ദ്രങ്ങളാണ് മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സെെന്യം തകർത്ത് തരിപ്പണമാക്കിയത്.