റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ് സർവീസ് നാളെമുതൽ പുന:രാരംഭിക്കും
ആലപ്പുഴ: ആലപ്പുഴ റെയിൽവേസ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി നിറുത്തി വച്ചിരുന്ന സ്വകാര്യ ബസുകളുടെ റെയിൽവേ സ്റ്റേഷനിലേക്കുള്ള സർവീസ് നാളെ മുതൽ പുനരാരംഭിക്കും. റെയിൽവേ അധികൃതരും കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ജില്ലാ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാം. നാളെ നടക്കുന്ന പരീക്ഷണ ഓട്ടത്തിനുശേഷം സർവീസ് പൂർണമായും തുടരും. നിലവിൽ സ്റ്റേഷനിൽ നിന്ന് 400 മീറ്റർ ദുരം നടന്നുവേണം ബസ് കയറാൻ. മഴക്കാലത്ത് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ബസ് ഉടമകൾ റെയിൽവേ അധികൃതരെ അറിയിച്ചതോടെയാണ് ബസ് സർവീസ് ആരംഭിക്കാൻ തീരുമാനമായത്. ചർച്ചയിൽ റെയിൽവേയെ പ്രതിനിധീകരിച്ച് സ്റ്റേഷൻ മാനേജർ ശ്യാംകുമാർ, ആർ.പി.എഫ് സർക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ്, കേരള പൊലീസ് ആലപ്പുഴ ട്രാഫിക്ക് എസ്.ഐ. അരുൺ, കെ.ബി.ടി.എ.യെ പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യൻ, ബിജു ദേവിക, സുനീർ ഫിർദോസ്, ഷാജിലാൽ, സനൽ, റിനു സഞ്ചാരി എന്നിവർ പങ്കെടുത്തു.