പറക്കാട് മേഖലയിൽ കാട്ടാന ഇറങ്ങി

Saturday 17 May 2025 10:26 PM IST

പേരാവൂർ: കോളയാട് പഞ്ചായത്തിലെ പറക്കാട് മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം.ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടാനകളെ കോളനി നിവാസികൾ ബഹളം കൂട്ടിയും പടക്കം പൊട്ടിച്ചുമാണ് തുരത്തിയത്.പ്രദേശവാസികളായ നിരവധി കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ ഉൾപ്പെടെ വ്യാപകമായി കാട്ടാന നശിപ്പിച്ചു.

കൃത്യമായ യാത്രാ സൗകര്യമില്ലാത്ത കോളനിയാണ് പറക്കാട്. കർഷകർ വളരെ കഷ്ടപ്പെട്ട് വൻതുക ചിലവഴിച്ചാണ് വാഴക്കന്നും വളവും ഉൾപ്പെടെയുള്ളവ കൃഷിസ്ഥലത്ത് എത്തിച്ച് കൃഷി ചെയ്യുന്നത്. എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് കൃഷി ചെയ്യുന്ന ഇവർ രൂക്ഷമായ കാട്ടാന ശല്യം മൂലം തീരാ ദുരിതമനുഭവിക്കുകയാണ്.പറക്കാട് ട്രൈബൽ സെറ്റിൽമെൻ്റിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ എന്നും കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.കഴിഞ്ഞ എത്രയോ വർഷമായി പ്രശ്നം രൂക്ഷമായിട്ടും പ്രതിരോധ മാർഗം തീർക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം.