തിരിച്ചടി കിട്ടിയെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

Sunday 18 May 2025 4:54 AM IST

ഇസ്ലാമാബാദ്: റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസിൽ അടക്കം ഇന്ത്യൻ മിസൈൽ ആക്രമണം ഉണ്ടായെന്ന് സമ്മതിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ ചെറുത്തെന്നായിരുന്നു ഷെരീഫ് കഴിഞ്ഞ ദിവസങ്ങളിൽ വാദിച്ചിരുന്നത്.

എന്നാൽ രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രത്തിൽ ആക്രമണമുണ്ടായെന്ന് ഷെരീഫ് തന്നെ സ്ഥിരീകരിച്ചത് ആദ്യമായാണ്. നൂർ ഖാനിലും മറ്റിടങ്ങളിലും ഇന്ത്യ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന വിവരം ഇക്കഴിഞ്ഞ 10ന് പുലർച്ചെ 2.30ന് കരസേനാ മേധാവി ജനറൽ അസിം മുനീർ തന്നെ നേരിട്ട് ഫോണിൽ വിളിച്ച് അറിയിച്ചെന്ന് ഷെരീഫ് ഇസ്ലാമാബാദിൽ നടന്ന പരിപാടിക്കിടെ വെളിപ്പെടുത്തി. ഇന്ത്യൻ ആക്രമണത്തിൽ പാക് സൈനിക ബേസുകൾക്ക് കനത്ത നാശനഷ്ടമുണ്ടായതിന്റെ ഉപഗ്രഹ ചിത്രങ്ങൾ അടക്കം നേരത്തെ പുറത്തുവന്നിരുന്നു.

നൂർ ഖാൻ കൂടാതെ, തെക്കൻ പഞ്ചാബിലെ റഹിം യാർഖാൻ, സിന്ധിലെ സുക്കൂർ, ഭോലാരി, ജാക്കോബാബാദ്, പഞ്ചാബിലെ സർഗോദ, റഫീഖി, ​മു​റി​ദ് എയർബേസുകളും ഇന്ത്യ തകർത്തിരുന്നു. പാകിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമത്താവളങ്ങളാണ് ഇവ. പാകിസ്ഥാനിലെ എയർ ഡിഫൻസ് റ‌ഡാറുകൾ തകർത്ത ഇന്ത്യ അതിർത്തിയിലേക്ക് കടക്കാനുള്ള പാക് യുദ്ധവിമാനങ്ങളുടെ ശ്രമവും നിഷ്പ്രഭമാക്കിയിരുന്നു.