യുവാവി​ന്റെ കൊലപാതകം; ബന്ധു ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ 

Sunday 18 May 2025 12:07 AM IST

റാന്നി : യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവായ വീട്ടുടമസ്ഥനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

വടശ്ശേരിക്കര ആറ്റുകടവ് പേങ്ങാട്ടു പീടികയിൽ ജോബി​ അലക്സാണ്ടറെ (ബേബി​ - 40) കൊന്നക്കേസി​ൽ പള്ളിക്കമുരുപ്പ് പേങ്ങാട്ടുകടവ് പേങ്ങാട്ട് പീടികയിൽ റെജി പി.രാജു (50), ഇയാളുടെ സുഹൃത്ത് റാന്നി പുതുശ്ശേരി മല കരണ്ടകത്തുംപാറ ആഞ്ഞിലിപ്പാറയി​ൽ എ.വി.വിശാഖ് (കുഞ്ഞാച്ചി​ - 29) എന്നി​വരാണ് അറസ്റ്റി​ലായത്.

റെജി​യുടെ വീട്ടിൽ വെള്ളിയാഴ്ച്ച രാവിലെയാണ്‌ രക്തം വാർന്ന നി​ലയി​ൽ ജോബി​യുടെ മൃതദേഹം കണ്ടത്. കൊല്ലപ്പെട്ട ജോബിയും റെജിയും ബന്ധുക്കളാണ്, റെജി തനിച്ചാണ് താമസം. ഇരുവരുടെയും ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തശേഷം ഇവർ ഒരുമിച്ച് വ്യാഴാഴ്ച വൈകിട്ട് നാലോടെ റെജിയുടെ വീട്ടിലെത്തി. തുടർന്ന്, മദ്യപാനത്തിൽ ഏർപ്പെട്ടു, വസ്തുവിന്റെ വീതത്തെപ്പറ്റി സംസാരിച്ച് തർക്കമുണ്ടായി.

ജോബി​ അടി​ച്ചതി​ൽ പ്രകോപിതനായ റെജി​ സുഹൃത്ത് വിശാഖിനെ ഫോണിൽ വിളിച്ചുവരുത്തുകയായി​രുന്നു. ജോബിയും റെജിയും തർക്കത്തിൽ ഏർപ്പെടുന്നത് കണ്ട വി​ശാഖ് ജോബിയുമായി പിടിവലികൂടി. കയ്യിൽ കരുതിയ കത്തി കൊണ്ട് വെട്ടുകയായിരുന്നു. രണ്ടുതവണ വെട്ടി വലതു കൈത്തണ്ടയിൽ ഗുരുതരമായി പരിക്കേൽപ്പിച്ചതായി ചോദ്യം വിശാഖ് ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് ഇയാൾ സ്ഥലം വിടുകയായിരുന്നു. മുറിവേറ്റു അവശനായി നിലത്തുവീണ ജോബിക്ക് വൈദ്യസഹായം ലഭ്യമാക്കിയില്ല. രക്തം വാർന്ന് ജോബി മരണപ്പെടുകയായിരുന്നു.

അടുത്ത ദി​വസം രാവിലെ 6:30 ഓടെ റെജി​ വാർഡംഗം ശ്രീജമോളെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. വാർഡംഗം പൊലീസിൽ വിളിച്ച് അറിയിക്കുകയായി​രുന്നു. റെജിയുടെ അമ്മാവന്റെ മകനാണ് ജോബി. റാന്നി ഡി വൈ എസ് പി ആർ.ജയരാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഇൻസ്‌പെക്ടർ ആർ.മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ റെജി തോമസ്, എ.എസ്.ഐമാരായ അജു കെ.അലി, സൂരജ് സി മാത്യു, ബിജു മാത്യു, എസ് സി പി ഒ സുമിൽ, സി പി ഒമാരായ ഗോകുൽ, അഞ്ചേലോ, സതീഷ് എന്നിവരാണ് ഉള്ളത്.