ശ്രീ കൂടൽമാണിക്യം തിരുവുത്സവം: പള്ളിവേട്ട ഭക്തിസന്ദ്രം

Sunday 18 May 2025 12:21 AM IST

ഇരിങ്ങാലക്കുട: ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ടക്കായി സംഗമേശൻ രാത്രി കൂടൽമാണിക്യം ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളി. രാത്രി 8.30ന് ക്ഷേത്രത്തിലെ നാല് പ്രദക്ഷിണത്തിന് ശേഷം കൊടിമരച്ചുവട്ടിൽ പാണികൊട്ടിയാണ് ഭഗവാൻ പുറത്തേക്ക് എഴുന്നള്ളിയത്. കിഴക്കേ ഗോപുരദ്വാരത്തിലും ഗോപുരത്തോട് ചേർന്നുള്ള ആൽമരത്തിന്റെ ചുവട്ടിലും ഹവിസ് തൂകി തന്ത്രിയും പരികർമ്മികളും ആൽത്തറയിലേക്ക് നടന്നു. പിന്നാലെ മൂന്നാനകളോടെ ഭഗവാൻ എഴുന്നള്ളി. ആൽത്തറയ്ക്കൽ പളളിനായാട്ടു നടത്തുന്നതിന്റെ പാരമ്പര്യ അവകാശികളായ മുളയത്ത് നായരാണ് പന്നിയുടെ പ്രതിരൂപത്തെ അമ്പെയ്തു വീഴുത്തിയത്. പളളിവേട്ടയ്ക്കശേഷം മൂന്ന് ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാൻ തിരിച്ചെഴുന്നളളി. പഞ്ചവാദ്യത്തിന് പെരുവനം കൃഷ്ണകുമാറും പാണ്ടിമേളത്തിന് മൂർക്കനാട് ദിനേശൻ വാര്യരും പ്രമാണ്യം വഹിച്ചു. ക്ഷേത്ര നടയ്ക്കൽ മേളം അവസാനിച്ച ശേഷം ഭഗവാൻ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ച് ഒരു പ്രദക്ഷിണം കൂടി പൂർത്തിയാക്കി. തുടർന്ന് ഇടയ്ക്കയിൽ മറ്റു പ്രദക്ഷിണങ്ങൾ പൂർത്തിയാക്കി. തുടർന്ന് തിടമ്പ് അകത്തേയ്ക്ക് അനുനയിച്ച് പൂജയ്ക്കുശേഷം പള്ളിക്കുറിപ്പ് ചടങ്ങ് നടന്നു.

ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്

ഇന്ന് രാപ്പാൾ ആറാട്ട് കടവിൽ ശ്രീകൂടൽമാണിക്യ സ്വാമിയുടെ ആറാട്ടു നടത്തും. രാവിലെ 8.30 തോടെ പള്ളിനീരാട്ടിനായി പുറപ്പെടുന്ന കൂടൽമാണിക്യ സ്വാമിക്ക് കിഴക്കേനടയിൽ പൊലീസ് സംഘം ആചാരപ്രകാരമുള്ള സല്യൂട്ട് നൽകും. രാപ്പാൾ ആറാട്ടുകടവിൽ എത്തിച്ചേർന്ന് പൂജ നടത്തി പള്ളിനീരാട്ട് നടത്തും. മേളത്തിന്റെ അകമ്പടിയോടെ ഭഗവാൻ തിരിച്ചെഴുന്നള്ളത്ത് നടത്തും. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ സ്വീകരിക്കും. എഴുന്നള്ളിപ്പ് ഇരിങ്ങാലക്കുട പള്ളിവേട്ട ആൽത്തറയ്ക്കലെത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നളളും.