ആം ആദ്മിക്ക് വീണ്ടും തിരിച്ചടി 13 കൗൺസിലർമാർ രാജിവച്ച് പുതിയ പാർട്ടി രൂപീകരിച്ചു
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോറ്റ് അധികാരം നഷ്‌ടപ്പെട്ട ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടിയായി 13 പാർട്ടി കൗൺസിലർമാർ രാജിവച്ച് പുതിയ പാർട്ടി രൂപീകരിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കക്ഷി നേതാവായിരുന്ന മുകേഷ് ഗോയലിന്റെ നേതൃത്വത്തിൽ ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടിയാണ് രൂപീകരിച്ചത്.
2022ൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ജയിച്ച ആം ആദ്‌മിക്ക് ഭരണം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്ന് വിമത വിഭാഗം ആരോപിച്ചു. പാർട്ടി നേതൃത്വവും കൗൺസിലർമാരും തമ്മിൽ ആശയവിനിമയമില്ലാത്തതുകൊണ്ടാണ് ഭരണം നഷ്‌ടമായത്. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം നിറവേറ്റാനാണ് ആം ആദ്‌മിയിൽ നിന്ന് രാജിവയ്‌ക്കുന്നതെന്നും ഇവർ പറയുന്നു. വാർഡുകളിലെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ പാർട്ടി അവസരം നൽകിയില്ലെന്ന് മുകേഷ് ഗോയലും ആരോപിച്ചു.
25 വർഷമായി മുനിസിപ്പൽ കൗൺസിലറായി സേവനമനുഷ്ഠിച്ച ഗോയൽ ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, ആദർശ് നഗർ മണ്ഡലത്തിൽ ആം ആദ്‌മി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുമ്പ് 2021ൽ കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നവരാണ് ഇദ്ദേഹത്തിനൊപ്പമുള്ളത്. ആം ആദ്‌മിക്ക് കോർപറേഷൻ ഭരണം നഷ്‌ടമായപ്പോൾ ഗോയലിനെ മാറ്റി അങ്കുഷ് നാരംഗിനെ പ്രതിപക്ഷ നേതാവാക്കിയിരുന്നു.
കോർപ്പറേഷനിലും
പിടി വിടുന്നു
സംസ്ഥാന ഭരണം പോയ ആം ആദ്മി പാർട്ടിക്ക് കോർപറേഷൻ ഭരണമുള്ളത് ആശ്വാസമായിരുന്നെങ്കിലും ബി.ജെ.പി പിന്നീട് അവിടെയും പിടിമുറുക്കി. 13 കൗൺസിലർമാർ രാജിവച്ചതോടെ കോർപ്പറേഷനിൽ ആം ആദ്മി അംഗബലം 100 ആയി കുറഞ്ഞു. ബി.ജെ.പിക്ക് 117ഉം കോൺഗ്രസിന് എട്ടും അംഗങ്ങളുണ്ട്. മേയർ തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം ബി.ജെ.പി തങ്ങളുടെ കൗൺസിലർമാരെ വശത്താക്കാൻ ശ്രമിച്ചതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന് ആം ആദ്‌മി പാർട്ടി പ്രതികരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി, വാർഡ് കമ്മിറ്റി എന്നിവ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതിനാൽ ബി.ജെ.പി കൗൺസിലർമാർക്ക് അഞ്ചു ലക്ഷം രൂപ വീതം വാഗ്‌ദാനം ചെയ്‌തെന്നും പാർട്ടി ആരോപിച്ചു.