രണ്ട് ഐ.സി.സ് ഭീകരർ മുംബയിൽ പിടിയിൽ

Sunday 18 May 2025 1:06 AM IST

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൂനെയിൽ സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട ഐസിസ് സ്ളീപ്പർ സെല്ലിന്റെ ഭാഗമായ രണ്ട് ഭീകരരെ മുംബയ് വിമാനത്താവളത്തിൽ ദേശീയ അന്വേഷണ ഏജൻസി പിടികൂടി. 2023ൽ പൂനെ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത കേസിൽ പ്രതികളായ അബ്ദുള്ള ഫയാസ് ഷെയ്ഖ് എന്ന ഡയപ്പർവാല, തൽഹ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. മുംബയിലെ എൻ‌.ഐ‌.എ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്ന ഫയാസും തൽഹയും ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ഒളിവിലായിരുന്നു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂട്ടുപ്രതികളായ മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനുസ് സാക്കി, അബ്ദുൾ ഖാദിർ പത്താൻ, സിമാബ് നസിറുദ്ദീൻ കാസി, സുൽഫിക്കർ അലി ബറോദാവാല, ഷാമിൽ നാച്ചൻ, ആകിഫ് നാച്ചൻ, ഷാനവാസ് ആലം ​​എന്നിവർ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. അബ്ദുള്ള ഫയാസ് ഷെയ്ഖ് പൂനെയിലെ കോന്ധ്വയിൽ വീട് വാടകയ്‌ക്കെടുത്താണ് ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തത്. ഇയാൾ അവിടെ സ്‌ഫ‌ോടക വസ്‌തുക്കൾ നിർമ്മിച്ചതായും വിവരം ലഭിച്ചു. 2022-23 കാലത്ത് പ്രതികൾ ബോംബ് നിർമ്മാണത്തിൽ പരിശീലനം നൽകുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്‌തു.