ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം, ചരിത്രസത്യങ്ങളുടെ തിരുശേഷിപ്പുകൾ

Sunday 18 May 2025 1:08 AM IST

ഇന്റർ നാഷണൽ കൗൺസിൽ ഒഫ് മ്യൂസിയംസ് (ICOM) ആണ് 1977 മുതൽ അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചു തുടങ്ങിയത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച് ഇന്ന് ലോകമെങ്ങും വമ്പിച്ച സ്വീകാര്യത നേടിയിട്ടുള്ളവയാണ് മ്യൂസിയങ്ങൾ. ലോക സമൂഹങ്ങൾക്കിടയിൽ ഫലവത്തായ സാംസ്‌കാരിക വിനിമയം സാദ്ധ്യമാക്കുക, സാംസ്‌കാരിക സമ്പുഷ്ടീകരണവും പരസ്പര ധാരണയും വളർത്തുക എന്നിവയാണ് മ്യൂസിയം ദിനാചരണത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. 1992 മുതൽ ഈ ദിനത്തിൽ ഒരു വാർഷിക പ്രമേയം അംഗീകരിക്കാറുണ്ട്. 'അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വർത്തമാന സമൂഹത്തിൽ മ്യൂസിയങ്ങളുടെ ഭാവി" എന്നതാണ് ഈ വർഷത്തെ പ്രമേയം.

അതിതീവ്രമായ സാമൂഹിക, സാമ്പത്തിക, സാങ്കേതിക, പാരിസ്ഥിതിക മാറ്റങ്ങൾക്ക് സദാ വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തിന് ശരിയായ ദിശാബോധം നൽകുവാൻ മ്യൂസിയങ്ങൾക്ക് എങ്ങനെയെല്ലാം സാധിക്കുമെന്നതാണ് മുഖ്യ ചിന്താവിഷയം. മ്യൂസിയങ്ങൾ പുരാവസ്തു പരിരക്ഷണ ഇടങ്ങൾ മാത്രമല്ല,​ സമഗ്രവും സുസ്ഥിരവുമായ സാമൂഹ്യ സൃഷ്ടികളിലെ സജീവ പങ്കാളികൾ കൂടിയാണ്. അത്യാധുനിക വിവര സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ അസത്യങ്ങളെ അലങ്കരിച്ച് സത്യങ്ങളാക്കി മാറ്റുവാൻ ശ്രമിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകളായി മാനവസമൂഹം കൈവരിച്ച ചരിത്ര നേട്ടങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും സമർത്ഥമായി മറച്ചുവയ്ക്കുവാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നു.

ചരിത്ര സത്യങ്ങളെയും ചരിത്രസ്രഷ്ടാക്കളെയും സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ച്,​ അസത്യങ്ങൾ ആർവത്തിച്ചു പറഞ്ഞ് സത്യങ്ങളാക്കാനുമുള്ള കുത്സിത ശ്രമങ്ങളാണ് നടക്കുന്നത്. അധികാര നിർവഹണത്തിനായി മിഥ്യയുടെ കവചങ്ങൾകൊണ്ട് സത്യത്തിന്റെ തീവ്രപ്രകാശത്തെ മറയ്ക്കുവാൻ ശ്രമിക്കുന്ന ഗീബൽസിയൻ തന്ത്രങ്ങൾക്ക് ശക്തിയേറുന്ന കാലഘട്ടമാണിത്. ഇവിടെയാണ് പൊതുജന മാദ്ധ്യമമായ മ്യൂസിയങ്ങളുടെ പ്രസക്തി. സത്യം പറയുന്ന ഇടങ്ങളാണ് മ്യൂസിയങ്ങൾ. വസ്തുനിഷ്ഠമായി കാര്യങ്ങൾ അറിയുന്നതിനും അപഗ്രഥിക്കുന്നതിനും മ്യൂസിയം ഗ്യാലറികൾ ഉപകരിക്കുന്നു.

സ്വന്തം അസ്തിത്വം വിളംബരം ചെയ്യുന്ന പൈതൃക ബോധമാണ് മനുഷ്യനെ ശക്തിപ്പെടുത്തുന്നത്. നമ്മുടെ വ്യക്തിബോധത്തിന്റെ അടിസ്ഥാനവും മറ്റൊന്നല്ല. നാം ആരാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന അറിവിന്റെ കേന്ദ്രങ്ങളാണ് മ്യൂസിയങ്ങൾ. നിരക്ഷരനെയും സാക്ഷരനെയും ഒരു പോലെ സ്വീകരിക്കുകയും ദൃഷ്ടാന്തങ്ങളുടെ അകമ്പടിയോടെ അറിവിന്റെ കവാടങ്ങൾ അവർക്കു മുന്നിൽ തുറന്നിടുകയുമാണ് മ്യൂസിയങ്ങൾ ചെയ്യുന്നത്. ഉദ്ഖനനങ്ങളിലൂടെയും പര്യവേഷണങ്ങളിലൂടെയും കണ്ടെത്തിയ, പുരാവസ്തുക്കളുടെയും ശേഷിപ്പുകളുടെയും ചരിത്ര സ്മാരകങ്ങളുടെയും പശ്ചാത്തലത്തിൽ മ്യൂസിയങ്ങൾ കഥപറയുമ്പോൾ അവ ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം പകരുന്ന പ്രകാശഗോപുരങ്ങളായി മാറുന്നു.

ലോകമെമ്പാടുമുളള ജനസമൂഹങ്ങൾക്ക് ഇക്കാലത്തുണ്ടായ പൈതൃകാഭിമുഖ്യം സ്വന്തം സംസ്‌കാരത്തിന്റെ വേരുകൾ സംരക്ഷിച്ചു നിലനിറുത്തുന്ന 'പൈതൃക മ്യൂസിയങ്ങൾ" രൂപപ്പെടുന്നതിലേക്ക് വഴിവച്ചു. ഒരു സമൂഹത്തിന്റെ ചരിത്ര- സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന കണ്ണാടികളായി മ്യൂസിയങ്ങൾ മാറി. വിദ്യാലയങ്ങൾ പോലെയോ ഗ്രന്ഥശാലകൾ പോലെയോ അവ നാടിന് അനുപേക്ഷണീയ ഘടകമായിത്തീർന്നു. മാറുന്ന കാലത്തിനനുസരിച്ച് മ്യൂസിയങ്ങളും മാറിക്കൊണ്ടിരിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഇന്ത്യയിൽ മ്യൂസിയങ്ങൾ ഉണ്ടാവുമ്പോൾത്തന്നെ കേരളത്തിലും ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യയിലെ ആദ്യകാലത്തെ നാലു മ്യൂസിയങ്ങളിലൊന്നായി രൂപംകൊണ്ട നേപ്പിയർ മ്യൂസിയം ഇന്നും മലയാളികൾക്കാകെ അഭിമാനമായി തിരുവനന്തപുരത്ത് നിലകൊളളുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ യൂറോപ്പിലെമ്പാടും മ്യൂസിയങ്ങൾക്കുണ്ടായ വളർച്ചയും സ്വീകാര്യതയും ഇന്ത്യയിൽ പ്രതിഫലിച്ചില്ല എന്നുളളത് വസ്തുതയാണ്. കേരളത്തിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. നവ സാങ്കേതിക വിദ്യകളുടെ മേഖലയിലുണ്ടായ വളർച്ച മ്യൂസിയം മേഖലയെ വേണ്ടത്ര സ്വാധീനിച്ചിരുന്നില്ല.

2017 മുതൽ കേരളത്തിൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകാൻ തുടങ്ങി. ഒന്നാം പിണറായി സർക്കാറിന്റെ പ്രകടന പത്രികയിൽ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ഭാഗമായി നിലവിലുള്ള മ്യൂസിയങ്ങളുടെ പാരമ്പര്യ ചട്ടക്കൂടുകൾ ഇളക്കിമാറ്റി,​ നവസാങ്കേതിക വിദ്യകൾ ഇണക്കിച്ചേർത്ത് ലോകനിലവാരമുള്ള ഗ്യാലറികളാക്കി മാറ്റി. കഴിഞ്ഞ എട്ടു വർഷങ്ങൾകൊണ്ട് വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ 25 മ്യൂസിയങ്ങൾ നമ്മുടെ നാട്ടിൽ രൂപം കൊണ്ടു. കൂടാതെ ഇരുപതോളം മ്യൂസിയം പദ്ധതികൾ പുരോഗമിച്ചു വരുന്നു. കേരളം ഇന്ത്യയിലെ മ്യൂസിയങ്ങളുടെ ഹബ്ബ് ആയി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ മ്യൂസിയം നോഡൽ ഏജൻസിയായ 'കേരളം മ്യൂസിയം" ആണ് സംസ്ഥാനത്ത് മ്യൂസിയം നവോത്ഥാനത്തിന്റെ നേതൃപരമായ പങ്ക് വഹിക്കുന്നത്.

മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും ഒരു മ്യൂസിയം കമ്മിഷനെ നിയമിക്കുമെന്നതായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം. അതനുസരിച്ച് സംസ്ഥാനത്ത് ഈ രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി രൂപികരിച്ച മ്യൂസിയം കമ്മിഷൻ അതിന്റെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സമഗ്രമായ മ്യൂസിയം നയം ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് ലക്ഷ്യം. മ്യൂസിയങ്ങൾ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ കാവൽക്കാരാണ്. ഗ്യാലറികളിലെ പൈതൃക ശേഖരങ്ങൾ വെളിപ്പെടുത്തുന്നത് നമ്മുടെ പൂർവികരുടെ സത്യസന്ധമായ കഥയാണ്. ഭൂതകാലത്തിന്റെ ശക്തിയിലാണ് വർത്തമാനം രൂപപ്പെടുന്നത്. ആത്മബോധവും ആത്മാഭിമാനവുമുള്ള തലമുറയെ സൃഷ്ടിക്കുവാൻ മ്യൂസിയങ്ങളുടെ അനിവാര്യത തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ,​ അതിവേഗം മാറുന്ന ലോകത്ത് മ്യൂസിയങ്ങളും ചരിത്രശേഷിപ്പുകളും ഏറെ പ്രസക്തമാകുന്നു.