മൂന്നാം ഘട്ടത്തിൽ തകരാർ, പിഎസ്എൽവി സി61 ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആർഒ

Sunday 18 May 2025 6:48 AM IST

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി സി61 ദൗത്യം പരാജയപ്പെട്ടു. വിക്ഷേപണത്തിന് ശേഷം മൂന്നാംഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം പരാജയപ്പെടാനിടയാക്കിയത്. പിഎസ്എൽവി സി61 ലക്ഷ്യം കണ്ടില്ലെന്നും ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനായില്ലെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 5.59നായിരുന്നു വിക്ഷേപണം. പിഎസ്എൽവിയുടെ എറ്റവും കരുത്തുറ്റ വകഭേദമായ എക്സ്എൽ ആണ് ഈ വിക്ഷേപണത്തിനായി ഉപയോഗിച്ചത്.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09നെയാണ് അറുപത്തിമൂന്നാം ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിക്കാൻ ശ്രമിച്ചത്. ഐഎസ്ആർഒയുടെ 101-ാമത്തെ കൃത്രിമ ഉപഗ്രഹമാണ് ഇഒഎസ് 09. പിഎസ്എൽവിയുടെ 63-ാമത്തെ ദൗത്യമായിരുന്നു ഇത്. 44.5 മീറ്റർ നീളവും 321 ടൺ ഭാരവുമാണ് പിഎസ്എൽവി സി61ന് ഉണ്ടായിരുന്നത്.