സൽമാൻ റുഷ്ദിയെ ആക്രമിച്ചയാൾക്ക് 25 വർഷം തടവ്

Sunday 18 May 2025 7:10 AM IST

ന്യൂയോർക്ക്: ഇന്ത്യൻ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സൽമാൻ റുഷ്ദിയെ (77) വധിക്കാൻ ശ്രമിച്ച ലെബനീസ് വംശജൻ ഹാദി മറ്റാറിന് (27) 25 വർഷം തടവ്. വെസ്​റ്റേൺ ന്യൂയോർക്ക് കോടതിയുടേതാണ് വിധി. ശിക്ഷാവിധി കേൾക്കാൻ റുഷ്ദി കോടതിയിൽ എത്തിയിരുന്നില്ല.

2022 ഓഗസ്റ്റിൽ ന്യൂയോർക്കിലെ ഷറ്റോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രഭാഷണത്തിന് ഒരുങ്ങിയ റുഷ്ദിയെ ന്യൂജെഴ്സി ഫെയർവ്യൂവിൽ താമസമാക്കിയ മറ്റാർ സ്റ്റേജിൽ കയറി കുത്തി വീഴ്‌ത്തുകയായിരുന്നു. ഇറാൻ അനുകൂലിയാണ് മറ്റാർ. മാരകമായ ആക്രമണത്തിൽ റുഷ്ദിയ്ക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ഒരു കൈയുടെ ചലനശേഷിയും നഷ്ടമായി.

1988ൽ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്സസ് എന്ന വിവാദ നോവലിന്റെ പേരിൽ മതനിന്ദ ആരോപിച്ച് ഇറാനിലെ പരമോന്നത മതനേതാവായിരുന്ന അയത്തൊള്ള റൂഹുള്ള ഖൊമൈനി റുഷ്ദിയെ വധിക്കാൻ മതശാസന പുറപ്പെടുവിച്ചിരുന്നു. പത്തു വർഷത്താേളം ബ്രിട്ടനിൽ സുരക്ഷാ ഭടൻമാരുടെ കാവലിൽ ഒളിവിൽ കഴിഞ്ഞ റുഷ്ദി ഇരുപത് വർഷമായി അമേരിക്കയിലാണ്.