ലിയോ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്
വത്തിക്കാൻ : ലിയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം ഇന്ന് വത്തിക്കാനിൽ നടക്കും. വിദേശ നേതാക്കൾ അടക്കം പങ്കെടുക്കും. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യു.എസ് സംഘത്തെ നയിക്കും. മാർപാപ്പ സ്ഥാനത്തെത്തുന്ന ആദ്യ അമേരിക്കക്കാരനാണ് ലിയോ പതിനാലാമൻ. വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്റി കിയർ സ്റ്റാമർ, ജർമ്മൻ ചാൻസലർ ഫ്രെഡ്റിക് മെർസ് തുടങ്ങിയവരും ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങുകൾക്ക് സാക്ഷിയാകും. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 1.30ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ചടങ്ങുകൾ തുടങ്ങും. കനത്ത സുരക്ഷാ വലയത്തിലാണ് വത്തിക്കാനും സമീപ പ്രദേശങ്ങളും.
സമാധാന ചർച്ചയ്ക്ക് വത്തിക്കാൻ വേദിയാക്കാം: മാർപാപ്പ
യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് വത്തിക്കാനെ വേദിയാക്കാമെന്ന നിർദ്ദേശവുമായി ലിയോ പതിനാലാമൻ മാർപാപ്പ. തുർക്കിയിലെ ഇസ്താംബുളിൽ നടന്ന ചർച്ച വിഫലമായതോടെയാണ് മാർപാപ്പയുടെ പ്രതികരണം. ഇന്ന് ലിയോ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകളിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പങ്കെടുക്കും.