കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടയ്ക്കയും കവർന്നു, സൈനികൻ പിടിയിൽ
Sunday 18 May 2025 8:57 AM IST
പാലക്കാട്: മണ്ണൂർ കമ്പിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സംഭവത്തിൽ സൈനികനെ അറസ്റ്റ് ചെയ്തു. വടശേരി സ്വദേശി അരുണിനെയാണ് (30) മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഹരീഷ് വേങ്ങശേരി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയുടെ പൂട്ട് പൊളിച്ചാണ് ഇയാൾ 400 കിലോഗ്രാം റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
രാത്രി ആൾട്ടോ കാറിലാണ് അരുൺ കടയ്ക്ക് സമീപത്തെത്തിയത്. പിന്നീട് പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണമുതൽ പിറ്റേദിവസം മറ്റൊരു കടയിൽ കൊണ്ടുപോയി വിൽപ്പനയും നടത്തി. അവധി കഴിഞ്ഞ് അരുണാചൽപ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്. താൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത് മറികടക്കാനാണ് മോഷണം നടത്തിയതെന്നുമാണ് അരുൺ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.