ലി​യോ​ ​പ​തി​നാ​ലാ​മ​ൻ 267-ാമത്​ ​മാ​ർ​പാ​പ്പ​യായി സ്ഥാനമേറ്റു; ചടങ്ങിൽ പങ്കെടുത്ത് ലോക നേതാക്കൾ

Sunday 18 May 2025 3:26 PM IST

വത്തിക്കാൻ സിറ്റി: ​ലി​യോ​ ​പ​തി​നാ​ലാ​മ​ൻ 267-ാമത്​ ​മാ​ർ​പാ​പ്പ​യായി സ്ഥാനമേറ്റു. വത്തിക്കാനിൽ ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി സ്ഥാനമേൽക്കുന്ന ചടങ്ങ് പുരോഗമിക്കുകയാണ്.വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാർത്ഥിച്ചതിന് ശേഷമാണ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പ്രധാന വേദിയിലാണ് ചടങ്ങുകൾ നടക്കുന്നത്. ​ലി​യോ​ ​പ​തി​നാ​ലാ​മ​ൻ മാർപാപ്പയുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാന ആരംഭിച്ചു.

കുർബാനമദ്ധ്യേ വലിയ ഇടയന്റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്വം ഏറ്റെടുത്തു. മാ​ർ​പാ​പ്പ​ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ ​ആ​ദ്യ​ ​അ​മേ​രി​ക്ക​ക്കാ​ര​നാ​ണ് ലി​യോ​ ​പ​തി​നാ​ലാ​മ​ൻ. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും സ്​റ്റേ​റ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ചടങ്ങിനെത്തി.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ, ജർമ്മൻ ചാൻസലർ ഫ്രെഡ്‌റിക് മെർസ് തുടങ്ങിയവരും ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങുകൾക്ക് സാക്ഷിയായി. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ചടങ്ങുകൾ തുടങ്ങിയത്. കനത്ത സുരക്ഷാ വലയത്തിലാണ് വത്തിക്കാനും സമീപ പ്രദേശങ്ങളും. ദെെവ സ്നേഹത്തിന്റെ വഴിയേ നടക്കാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ മിടുക്ക് കൊണ്ടല്ല മാർപാപ്പ ആയതെന്നും ലിയോ പതിനാലാമൻ പറഞ്ഞു.