ഞങ്ങളുടെ വീട്ടിൽ മാസവരുമാനമുള്ളത് അവൾക്ക് മാത്രമാണ്'; ദിലീപ്
'കഴിഞ്ഞ വർഷമാണ് മീനാക്ഷി മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ ആസ്റ്റർ മെഡിസിറ്റിയിൽ ജോലിക്ക് പ്രവേശിച്ചിരിക്കുന്നു'. പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിന്റെ പ്രമോഷനിലാണ് നടൻ ദിലീപ് മകൾ മീനാക്ഷിയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചത്.
"മീനൂട്ടി ആസ്റ്ററിൽ ജോലിക്കായി ജോയിൻ ചെയ്തു. വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ഗുണമെന്താണെന്ന് ചോദിച്ചാൽ ഇടയ്ക്കിടെ ആശുപത്രിയിൽ പോയി മോളെ കാണാം". ദിലീപ് തമാശയായി പറഞ്ഞു. "അവൾക്ക് ജോലി കിട്ടിയത് ഭയങ്കര സന്തോഷമാണ്. പിന്നെ അഭിമാന കാര്യമെന്താണെന്ന് വെച്ചാൽ ഞങ്ങളുടെ വീട്ടിൽ മാസവരുമാനമുള്ളത് അവൾക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ള കാര്യമാണ്," ദിലീപ് പറഞ്ഞു. മീനാക്ഷിയുടെ പ്രതി മാസ വരുമാനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്, മകൾ ഫിനാൻഷ്യലി ഇൻഡിപെൻഡായി കാണുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് ബിരുദം പൂർത്തിയാക്കിയത്. മീനാക്ഷിയുടെ ' ബിരുദദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു, ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിലവിൽ ആസ്റ്റർ മെഡിസിറ്റിയിൽ ഡോക്ടറായി ഡെർമറ്റോളജിയിൽ സ്പെഷ്യലൈസ് ചെയ്യുകയാണ് മീനാക്ഷി. സെലിബ്രിറ്റികളുടെ മക്കളിൽ മീനാക്ഷി സിനിമയിൽ നിന്നും വ്യത്യസ്തമായ ഒരു പാതയാണ് തെരെഞ്ഞെടുത്തത്.
എന്നാൽ ദിലീപ് തന്റെ മകളുടെ മെഡിക്കൽ പഠനത്തിന് സീറ്റു പണം കൊടുത്ത് വാങ്ങിയതാണെന്ന വിമർശനവും ഉയർന്നു കേട്ടിരുന്നു. ഈ ആരോപണത്തിനെതിരെ ശക്തമായ മറുപടിയാണ് ദിലീപ് ആരാധകർ വിമർശകർക്ക് നൽകിയത്. പണം നൽകിയാലും എംബിബിഎസ് പരീക്ഷ എഴുതി പാസാവണമെങ്കിൽ കഠിനാധ്വാനം ആവശ്യമാണെന്ന് ആരാധകർ ചൂണ്ടികാണിച്ചു . സെലിബ്രിറ്റികളായ അച്ഛനമ്മമാർ ഉണ്ടായിരുന്നിട്ടും, മീനാക്ഷി സ്വന്തം പാത വെട്ടിത്തുറന്ന്, മെഡിക്കൽ കരിയറിലും മോഡലിംഗിലും സജീവമായി പ്രവർത്തിക്കുകയാണ്.