ഓപ്പറേഷൻ സിന്ദൂറിന്റെ സന്ദേശം

Monday 19 May 2025 4:02 AM IST

(യോഗനാദം 2025 മേയ് 16 ലക്കം എഡിറ്റോറിയൽ)

ഓപ്പറേഷൻ സിന്ദൂർ ദൗത്യവും തുടർ നടപടികളും പാകിസ്ഥാനും ഭീകരർക്കും മാത്രമല്ല, ഇന്ത്യൻ ജനതയ്ക്കും ലോകത്തിനും ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. സഹിഷ്ണുതയുടെ രാജ്യമാണ് ഭാരതം. എങ്കിലും ജീവസുറ്റതും ശക്തവുമായ ഒരു രാജ്യമാകുമ്പോൾ കഠിനമായ ചില തീരുമാനങ്ങളും നടപടികളും അനിവാര്യമാണ്. പഹൽഗാം കൂട്ടക്കൊലയുടെ ഇരകളായ 26 കുടുംബങ്ങളിലെ സ്ത്രീകളുടെ കണ്ണീരിനുള്ള മറുപടിയെന്ന് പ്രതീകാത്മകമായി ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിക്കാമെങ്കിലും ഭീകരവാദത്തിനെതിരായ അതിശക്തമായ തിരിച്ചടിയായി ആ ദൗത്യത്തെ കാണാം.

അരനൂറ്റാണ്ടിലേറെയായി ​ തീവ്രവാദത്തി​ന്റെ ഇരയാണ് നമ്മുടെ രാജ്യം. സിഖ് വിഘടനവാദം ആയിരങ്ങളുടെ ജീവനെടുത്തു. 1985-ൽ എയർ ഇന്ത്യയുടെ കനിഷ്ക വിമാനം കാനഡയിൽ ബോംബുവച്ച് തകർത്തപ്പോൾ പൊലിഞ്ഞത് 329 ജീവനുകളാണ്. സുവർണ ക്ഷേത്രത്തിലെ സൈനികനടപടിയെ തുടർന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്വന്തം അംഗരക്ഷകർ വെടിയുണ്ടയ്ക്കിരയാക്കി. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ ഇടപെട്ടതിന്റെ പേരിൽ ലങ്കൻ തമിഴ് വിഘടനവാദികളാൽ രാജീവ് ഗാന്ധിയും തമിഴ് മണ്ണിൽ വച്ച് കൊല്ലപ്പെട്ടു. അസാം ഉൾപ്പെടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചിലയിടങ്ങളിൽ നക്സലൈറ്റുകളും മാവോവാദികളും പലഘട്ടങ്ങളിലായി രക്തരൂഷിതമായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ ഒതുക്കാനോ അവരെ സമാധാനത്തിന്റെ പാതയിലേക്ക് എത്തിക്കാനോ കഴിഞ്ഞിരുന്നു.

ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യയും പാകി​സ്ഥാനും സ്വതന്ത്രമായ വി​ഭജനകാലം മുതലുള്ള ഉണങ്ങാത്ത, നീറുന്ന മുറി​വാണ് കാശ്മീർ പ്രശ്നം. കാശ്മീരി​ന്റെ ഒരു ഭാഗം പാകി​സ്ഥാന്റെ പക്കലും ജമ്മുവും ലഡാക്കും ഉൾപ്പെടുന്ന ഭാഗം ഇന്ത്യയുടെ കൈവശത്തി​ലുമാണ്. പി​ടി​ച്ചെടുക്കാൻ സാധി​ക്കാത്തതുകൊണ്ട് ഇന്ത്യൻ കാശ്മീരി​ൽ ചെല്ലും ചെലവും കൊടുത്ത് വി​ഘടനവാദവും തീവ്രവാദവും വളർത്തുകയായി​രുന്നു പാകി​സ്ഥാൻ. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ കാശ്മീർ പണ്ഡി​റ്റുകൾ കൂട്ടക്കൊലയ്ക്ക് ഇരയായി​. ലക്ഷക്കണക്കി​ന് പണ്ഡി​റ്റുകൾ അവി​ടെ നി​ന്ന് പലായനം ചെയ്യേണ്ടി​വന്നു. മതപരിവേഷത്തോടെ ആഗോള ഇസ്ളാമിക ഭീകരതയുടെ ഭാഗമായി കാശ്മീർ തീവ്രവാദം മാറിയ ശേഷം ഭൂമിയിലെ സ്വർഗമായി കരുതപ്പെട്ടി​രുന്ന ഈ സുന്ദരഭൂമി​ നരകമായി​. വി​ദേശി​കളായ തീവ്രവാദസംഘങ്ങൾ വരെ കശ്മീരി​ലേക്ക് നുഴഞ്ഞു കയറി​. ജീവഭയത്താൽ സന്ദർശകർ അകന്നുപോയി​. വി​കസനം സ്തംഭി​ച്ചു. നി​രാശരായ യുവാക്കളിൽ കുറേയധികം തീവ്രവാദത്തിലേക്ക് ആകൃഷ്ടരായി. നരേന്ദ്രമോദി​ സർക്കാർ അധി​കാരമേറി​യ ശേഷം കാശ്മീരി​ന്റെ പ്രത്യേക പദവി​ റദ്ദാക്കി, സംസ്ഥാനത്തെ മൂന്നാക്കി​ വി​ഭജി​ച്ച് സുരക്ഷ ശക്തമാക്കി​യതോടെയാണ് ഈ പ്രദേശം അക്രമം അവസാനി​ച്ച് വീണ്ടും പ്രതാപത്തി​ലേക്ക് തി​രി​ച്ചു വന്നത്. സഞ്ചാരി​കൾ ഒഴുകി​യെത്തി​. എല്ലാ തലത്തി​ലും വി​കസനത്തി​ന്റെ നാളുകളായി​രുന്നു പത്തുവർഷമായി​ കാശ്മീരി​ൽ.

ഇതുകണ്ട് വി​റളി​ പി​ടി​ച്ചാണ് പാകി​സ്ഥാൻ വീണ്ടും ഭീകരരെ ഇറക്കി​യത്. ഏപ്രി​ൽ 22-ന് പഹൽഗാമി​ൽ നി​രപരാധി​കളും നി​രായുധരുമായ 26 വി​നോദസഞ്ചാരി​കളെ മതം പറഞ്ഞ് കൂട്ടക്കൊല ചെയ്തത് പാകി​സ്ഥാന് പറ്റി​യ ഏറ്റവും വലി​യ പി​ഴവുകളി​ലൊന്നായി കാലം വിലയിരുത്തും​. പുൽവാമയി​ലും ഉറി​യി​ലും ഭീകരാക്രമണമുണ്ടായപ്പോൾ പാകി​സ്ഥാനുള്ളി​ൽ കയറി​ ഭീകരരുടെ താവളങ്ങൾ ഇന്ത്യ തകർത്ത കാര്യം അവർ മറന്നുപോയെന്നു വേണം കരുതാൻ. ഓപ്പറേഷൻ സി​ന്ദൂർ വലി​യ പാഠങ്ങൾ കൂടി​ പാകി​സ്ഥാനും ലോകത്തി​നും പകർന്നു നൽകി​. പാകി​സ്ഥാനുള്ളി​ലെ ഒമ്പത് ഭീകരത്താവളങ്ങൾ മേയ് ഏഴി​ന് തകർത്തായി​രുന്നു തുടക്കം. നൂറുകണക്കിന് ഭീകരരും ഈ ദൗത്യത്തി​ൽ കൊല്ലപ്പെട്ടു. സി​വി​ലി​യൻ, മി​ലി​ട്ടറി​ നാശങ്ങൾ ഒന്നും ഉണ്ടായി​ല്ല. ഇതി​നു മറുപടി​യായി​ പാകി​സ്ഥാൻ ഡ്രോണുകളും മറ്റും ഉപയോഗി​ച്ച് ഇന്ത്യയി​ലേക്ക് പ്രത്യാക്രമണത്തി​ന് തുനി​ഞ്ഞതോടെ സ്ഥി​തി​ മാറി​.

ഇവയ്ക്കൊന്നും ഇന്ത്യയുടെ വ്യോമപ്രതി​രോധത്തെ മറി​കടക്കാനായി​ല്ല. പകരമായി​ പാകി​സ്ഥാന്റെ നടുവൊടി​ച്ചെന്നു തന്നെ കരുതപ്പെടുന്ന രീതി​യി​ൽ അവരുടെ 13 വ്യോമസേനാ താവളങ്ങളി​ൽ ഇന്ത്യ തീമഴ പെയ്യി​ച്ചു. നി​രവധി​ പോർ വി​മാനങ്ങളും സൈനി​ക സംവി​ധാനങ്ങളും തകർത്തു. എയർ സ്ട്രി​പ്പുകൾ ഉപയോഗശൂന്യമാക്കി​. അണുവായുധ ഭീഷണി​ ഉയർത്തി​യി​ട്ടുപോലും അത് ഗൗനി​ച്ചി​ല്ല. അമേരി​ക്കയുടെ ഇടപെടലുണ്ടായി​ട്ടും ഇന്ത്യ വഴങ്ങി​യി​ല്ലെന്നാണ് വിവരം. അക്ഷരാർത്ഥത്തി​ൽ പാകി​സ്ഥാൻ ഒറ്റപ്പെട്ടു. അവരുടെ പ്രി​യപ്പെട്ട പങ്കാളി​യായ ചൈന പോലും സഹായി​ക്കാൻ എത്തി​യി​ല്ല. തുർക്കി​യും അസൈർബൈജാനും ഒഴി​കെയുള്ള ഇസ്ളാമി​ക ലോകം അവരെ അവഗണി​ച്ചു. ഈ രണ്ടു രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യൻ വിനോദസഞ്ചാരം അവസാനിച്ച മട്ടാണ്. വാണിജ്യബന്ധവും വഷളാകുന്നു. പഹൽഗാമി​നു മുമ്പ് പാക് സൈനി​ക മേധാവി​ ജനറൽ അസീം മുനീർ ഇന്ത്യയ്ക്കെതി​രെ നടത്തി​യ വെല്ലുവി​ളി​കൾ പി​ന്നെ കേട്ടി​ല്ല. നി​വൃത്തി​യി​ല്ലാതെ പാക് സൈനി​ക നേതൃത്വം ഇന്ത്യൻ ഡയറക്ടർ ജനറൽ ഒഫ് മി​ലി​ട്ടറി​ ഓപ്പറേഷൻസിനെ ഫോണി​ൽ വി​ളി​ച്ച ശേഷമാണ് വെടി​നി​റുത്തൽ ഉണ്ടായത്.

ഏപ്രിൽ 22ന് പഹൽഗാം കൂട്ടക്കൊലയ്ക്കു ശേഷം സിന്ധു നദീജല കരാർ റദ്ദാക്കൽ തുടങ്ങി ഇന്ത്യയുടെ നീക്കങ്ങളെല്ലാം തന്നെ പിഴവുകളില്ലാത്ത ആസൂത്രണങ്ങളോടെയായിരുന്നു. അക്ഷരാർത്ഥത്തിൽ ഈ സംഭവങ്ങൾ പാകിസ്ഥാന്റെ പൊയ്മുഖങ്ങൾ അഴിച്ചുവീഴ്ത്തി. സൈനിക, സാമ്പത്തിക, സാങ്കേതിക ശേഷികളിൽ ഇന്ത്യയുടെ ഏഴയലത്ത് വരില്ല പാകിസ്ഥാൻ. പക്ഷേ അവരുടെ അവകാശവാദങ്ങൾ അങ്ങനെയായിരുന്നില്ല. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയും പ്രബലമായ സൈനിക ശക്തിയും ജനസംഖ്യയിൽ ഒന്നാമതും നിൽക്കുന്ന ഇന്ത്യയ്ക്കു മുന്നിൽ പാകിസ്ഥാൻ അടിതെറ്റി വീണു. ചൈനയുടെ വകയാണ് പാക് ആയുധപ്പുരയിലെ 80 ശതമാനവും. അവയുടെ പ്രയോഗക്ഷമത ലോകം കണ്ടു.

പാക് മിസൈലുകൾ ഒന്നു പോലും ലക്ഷ്യത്തിലെത്തിയില്ല. അവരുടെ മണ്ണിലെ ഏതു പ്രദേശവും ഇന്ത്യയുടെ കൈയകലത്താണെന്ന് വ്യക്തമായി. ആക്രമണങ്ങളും തിരിച്ചടിയും എങ്ങനെ വേണമെന്നുള്ള എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിന് കേന്ദ്രസർക്കാർ നൽകി. മൂന്നു സൈനിക നേതൃത്വങ്ങളും ചടുലമായി,​ കൗശലത്തോടെ എടുത്ത തീരുമാനങ്ങളും യുദ്ധതന്ത്രങ്ങളും അണുവിട പിഴച്ചില്ല. ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം സൈനിക നടപടികളിൽ ഒരു വാക്കുപോലും മിണ്ടിയില്ല. നടപടികളും സംഭാഷണങ്ങളും എല്ലാം സൈനിക നേതൃത്വം നിർവഹിച്ചു. ഏറ്റവും പ്രൊഫഷണലായ സൈന്യങ്ങളിൽ ഒന്നാണ് നമ്മുടേതെന്ന് ഈ സംഭവം തെളിയിച്ചു. ഇനിയെങ്കിലും പാകിസ്ഥാന് സദ്ബുദ്ധിയുണ്ടാകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

ലോകത്തിനു മുന്നിൽ നമ്മുടെ സാങ്കേതിക മികവിന്റെയും സൈനിക, വാണിജ്യ ശക്തിയുടെയും ഉന്നതമായ നയതന്ത്ര മര്യാദയുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെ പക്വതയുടെയും പ്രതിസന്ധി ഘട്ടത്തിൽ കക്ഷി, രാഷ്ട്രീയ, മത, ദേശ വ്യത്യാസങ്ങളില്ലാതെ ഒറ്റമനസായി നിന്ന ജനതയുടെയും വിജയമാണ് ഓപ്പറേഷൻ സിന്ദൂർ വരച്ചുകാണിക്കുന്നത്. ഇന്ത്യയുടെ മൂല്യം ലോകത്തിനു മുന്നിൽ ഈ ദൗത്യത്തോടെ വർദ്ധിച്ചുവെന്ന് നിസംശയം പറയാം. ഇന്ത്യൻ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സർവോപരി നമ്മുടെ ധീരസൈനികർക്കും ഒരു വമ്പൻ സല്യൂട്ട്..