മീശ പിരിച്ച വിന്റേജ് ചിത്രവുമായി മോഹൻലാൽ

Monday 19 May 2025 3:44 AM IST

ആഗോളതലത്തിൽ 200 കോടിയും പിന്നിട്ട് മുന്നേറുന്ന തുടരും സിനിമയിലെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് മോഹൻലാൽ. മോഹൻലാലിനൊപ്പമുള്ള ഈ ചിത്രം പങ്കുവച്ച് മക്കൾ സെൽവൻ വിജയ് സേതുപതി. മുൻപ് സ്റ്റണ്ട് ആർട്ടിസ്റ്റായിരുന്ന ഷൺമുഖന്റെ പഴയകാല ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. ചിത്രത്തിലെ കഥ തുടരും എന്ന ഗാനത്തിലെ വരികളാണ് ചിത്രത്തിന് അടിക്കുറിപ്പായി മോഹൻലാൽ കുറിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രം വൈറലായി. പതിനായിക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്കും കമന്റും ചെയ്തത്.

ഹാർനസ് ധരിച്ച് സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിന് തയ്യാറായി നിൽക്കുന്ന മോഹൻലാലിന്റെ ഷൺമുഖനാണ് ചിത്രത്തിലുള്ളത്. ഒപ്പം സ്റ്റണ്ട് മാസ്റ്ററായ ഭാരതിരാജയുടെ കഥാപാത്രത്തെയും വിജയ് സേതുപതി അവതരിപ്പിച്ച ഷൺമുഖന്റെ സുഹൃത്ത് അൻപിനെയും ചിത്രത്തിൽ കാണാം. ഒരുകാലം തിരികെ വരും. ചെറുതൂവൽ ചിരി പകരും , തലോടും താനേ കഥ തുടരും. ഈ വരികളാണ് തന്റെ വിന്റേജ് ചിത്രത്തിന് അടിക്കുറിപ്പായി മോഹൻലാൽ കുറിച്ചത്. ഇതിനൊപ്പം തുടരും എന്ന ഹാഫ്ടാഗും ചേർത്തു.എ.ഐ സഹായത്തോടെ

സൃഷ്ടിച്ചെടുത്തതാണ് ചിത്രം . ഇൗ ഗംഭീര മനുഷ്യനുമൊത്ത് ഈ ചിത്രത്തിൽ ഇടം പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്ന കുറിപ്പും വിജയ് സേതുപതി കുറിച്ചു.