ഇന്ത്യയിലെ മൂന്ന് ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍, ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടു

Sunday 18 May 2025 6:55 PM IST

ലാഹോര്‍: ഇന്ത്യയില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ പങ്കുള്ള ലഷ്‌കര്‍ കൊടുംഭീകരന്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു. സെയ്ഫുള്ള ഖാലിദ് എന്ന ഭീകരനാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ കൊല്ലപ്പെട്ടത്. ഇയാളെ ഒരു വിഭാഗം ആളുകള്‍ കൊലപ്പെടുത്തിയതാകാമെന്നാണ് ഇന്ത്യയിലെ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2001ലെ രാംപുര്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം, 2005ലെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുണ്ടായ ആക്രമണം, 2006ല്‍ നാഗ്പുരിലെ ആര്‍എസ്എസ് കേന്ദ്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.

രണ്ടായിരത്തിന്റെ തുടക്കത്തിലെ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ ഇയാള്‍ മുഖ്യ സൂത്രധാരനായിരുന്ന ആക്രമണങ്ങളില്‍ നിരവധിപേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ നേപ്പാളില്‍ വിനോദ് കുമാര്‍ എന്ന കള്ളപ്പേരില്‍ കഴിയവേയാണ് ഇയാള്‍ ഇന്ത്യയിലെ ആക്രമണങ്ങള്‍ എല്ലാം ആസൂത്രണം ചെയ്തത്.

നേപ്പാളില്‍ കഴിയവെ അവിടുത്തുകാരിയായ ഒരു സ്ത്രീയെ ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇവിടെ ഇയാള്‍ യുവാക്കളെ ഭീകരസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചിരുന്നു. പിന്നീട് ഇവിടെ നിന്ന് പാകിസ്ഥാനിലേക്ക് തിരികെ പോകുകയായിരുന്നു.