ബട്ടർ ചിക്കൻ കഴിച്ചവർക്ക് ഛർദ്ദി, മെഡി.കോളേജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ
84പേർ ചികിത്സതേടി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിൽ വിളമ്പിയ ബട്ടർ ചിക്കൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 90 എം.ബി.ബി.എസ് വിദ്യാർത്ഥിനികൾക്ക് ഛർദ്ദിയും വയറിളക്കവും തലകറക്കവുമുണ്ടായി. ഇതിൽ 84 പേർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. ആർക്കും ഗുരുതപ്രശ്നമില്ല. വെള്ളിയാഴ്ച രാത്രി ബട്ടർചിക്കനും ഫ്രൈഡ്റൈസും നാരങ്ങവെള്ളവുമായിരുന്നു ഹോസ്റ്റൽ മെസിലെ ഭക്ഷണം. രാത്രി മുതൽ പലർക്കും ഛർദ്ദിയും തലവേദനയും വയറുവേദനയുമുണ്ടായി. പിന്നാലെ കുട്ടികൾ കൂട്ടത്തോടെ ചികിത്സ തേടുകയായിരുന്നു. ബട്ടർചിക്കൻ കഴിച്ചവർക്കാണ് പ്രശ്നമുണ്ടായതെന്നും വെജിറ്റബിൾ കറി കഴിച്ചവർക്ക് ബുദ്ധിമുട്ടുകളുണ്ടായില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാവിഭാഗം ഹോസ്റ്റലിലെത്തി ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിൾ ശേഖരിച്ചു. മുൻപും ഹോസ്റ്റൽ ഭക്ഷണത്തിൽ പ്രശ്നമുണ്ടായിട്ടുള്ളതായി വിദ്യാർത്ഥികൾ ആരോപിച്ചു. പരീക്ഷാക്കാലത്തുണ്ടായ ഭക്ഷ്യവിഷബാധയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് വിദ്യാർത്ഥി യൂണിയനും ആവശ്യപ്പെട്ടു. ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ ഭൂരിപക്ഷം വിദ്യാർത്ഥികളും വീടുകളിലേക്ക് മടങ്ങി. എന്നാൽ ഭക്ഷ്യവിഷബാധയാണോയെന്നതിൽ സ്ഥിരീകരണമില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ.യു.അനുജ അറിയിച്ചു. ഫുഡ്‌സേഫ്ടി,മെക്രോബയോളജി,ഹൗസ് കീപ്പിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ തുടർനടപടികൾ നടത്തുന്നതായും അധികൃതർ അറിയിച്ചു. 600ലധികം വിദ്യാർത്ഥിനികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. ഭക്ഷണത്തിന്റെ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കുന്നതോടെ സംഭവത്തിൽ വ്യക്തതയുണ്ടാകും.
പുറത്ത് നിന്നും ഭക്ഷണം
കഴിക്കാറുണ്ട്: ഡോ. അനുജ
അഞ്ച് വിദ്യാർത്ഥിനികളാണ് വയറിളക്ക രോഗത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയത്. ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ കൂടുതൽ പേർക്ക് ഇത്തരം അസ്വസ്ഥതകൾ കണ്ടെത്തിയെങ്കിലും അവർക്കാർക്കും ചികിത്സ തേടേണ്ട വിധം പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് പ്രിൻസിപ്പൽ ഇൻചാർജ് ഡോ.അനുജ വ്യക്തമാക്കി. 600ലധികം വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്റ്റലിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന് പുറമെ വിദ്യാർത്ഥിനികൾ പുറത്ത് പോയി കഴിക്കാറുമുണ്ട്. ഭക്ഷ്യവിഷബാധയാണെങ്കിൽ ഹോസ്റ്റലിലെ ഭക്ഷണമാണോ കാരണമെന്ന് വ്യക്തമല്ലെന്നും ഡോ.അനുജ വ്യക്തമാക്കി.