മുഴപ്പിലങ്ങാട് ബീച്ചിനുണ്ട് ലോക നിലവാരം, കെടുത്തല്ലേ... ഈ സൗന്ദര്യം
കണ്ണൂർ: ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ എത്തുന്നവരെല്ലാം ലോകോത്തര നിലവാരത്തിലേക്കെത്തിയ ബീച്ചിന്റെ സൗന്ദര്യവും സൗകര്യങ്ങളും കണ്ട് അമ്പരക്കുകയാണ്. എന്നാൽ ഈ സൗന്ദര്യത്തെ കെടുത്താനെന്നോണം സാമൂഹിക വിരുദ്ധരുടെ ശല്യവും അപകട ഭീഷണിയും മാലിന്യ കൂമ്പാരങ്ങളും അങ്കലാപ്പിലാക്കുകയാണ് സന്ദർകരെ.
233.71 കോടി രൂപയുടെ നവീകരണ പ്രവൃത്തിയാണ് ഇവിടെ നടന്നുവരുന്നത്. എന്നാൽ മനോഹരമാക്കിയ ഇനിയും മികവുറ്റതാകാൻ പോകുന്ന ബീച്ചിനെ അവിടെ എത്തുന്ന സഞ്ചാരികളിൽ ചിലരും രാത്രി കാലങ്ങളിലെത്തുന്ന സാമൂഹിക വിരുദ്ധരും നശിപ്പിക്കുന്ന സ്ഥിതിയാണ് കാണുന്നത്. ഇതിനുപുറമെ റീൽസും വീഡിയോകളും ചിത്രീകരിക്കാൻ വാഹനങ്ങളിൽ അപകടകരമായ യാത്രയും ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം ബീച്ചിൽ പുതുതായി നിർമ്മിച്ച പ്രതിമയുടെ ഒരു ഭാഗം ഉൾപ്പെടെ തകർത്ത നിലയിലായിരുന്നു. ബീച്ചിനോട് ചേർന്ന് നിർമ്മിച്ച നടപ്പാതയുടെയും ഇരിപ്പിടങ്ങളുടെയും പരിസരത്ത് നിർമ്മിച്ച പുൽത്തകിടിയും നശിപ്പിക്കാനുള്ള ശ്രമമുണ്ട്. രാത്രി ഏറെ വൈകി എത്തുന്ന സന്ദർശകരിൽ ചിലരാണ് ഇരുട്ടിന്റ മറവിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്ന് പരിസരവാസികൾ പറയുന്നു. ബീച്ചിലും പരിസരത്തും രാത്രി കാലങ്ങളിൽ ഉൾപ്പെടെ പൊലീസ് പരിശോധന ഉണ്ടെങ്കിലും ഒരു സ്ഥിരം സംവിധാനം പ്രദേശത്തില്ല. അതിനാൽ ബീച്ചിൽ സ്ഥിരം പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഉണ്ട്.
മാലിന്യങ്ങൾ വലിച്ചെറിയുന്നു
തിരക്കേറുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ബീച്ച് പരിസരത്ത് നിക്ഷേപിക്കുന്ന സ്ഥിതിയുണ്ട്. മനോഹരമായ വേസ്റ്റ് ബാസ്കറ്റുകളുടെ നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ താൽക്കാലിക വേസ്റ്റ് ബാസ്ക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങൾ അത് ഉപയോഗിക്കാൻ തയ്യാറാകാത്തതാണ് മാലിന്യ പ്രശ്നങ്ങൾക്കുള്ള കാരണം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദിവസവും രാവിലെ തന്നെ മാലിന്യം നീക്കം ചെയ്യുകയും ബീച്ചും പരിസരവും വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്.
ലൈഫ് ഗാർഡുകൾ വേണം നിലവിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരും മറ്റ് പ്രവർത്തകരുമാണ് ബീച്ചിൽ ഉള്ളത്. ദിവസവും ആയിരങ്ങൾ എത്തുന്ന ബീച്ചിൽ അവധിക്കാലം കൂടി ആയതിനാൽ കുട്ടികളുൾപ്പെടെ നിരവധിപേർ എത്തുന്നുണ്ട്. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ കടലിലേക്ക് ഇറങ്ങുന്ന പ്രവണത കുട്ടികളിലും മുതിർന്നവരിലും ഉണ്ട്. നിരവധി അപകട പോയിന്റുകൾ ഉള്ള ബീച്ചിൽ വേണ്ടത്ര സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളോ ലൈഫ് ഗാർഡുകളോ ഇല്ല. അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകും. ഡ്രൈവിംഗ് പഠിക്കാനായി ബീച്ചിലെത്തുന്നതും തിരക്കേറിയ സമയങ്ങളിൽ അപകടങ്ങൾ വിളിച്ചു വരുത്തും.
മാലിന്യ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. മറ്റ് പ്രശ്നങ്ങൾ എല്ലാം എത്രയും പെട്ടെന്ന് പരിഹരിക്കും. പൊലീസ് പരിശോധനയുൾപ്പെടെ ശക്തമായി നടക്കുന്നുണ്ട്
-ടി. സജിത, പഞ്ചായത്ത് പ്രസിഡന്റ്