ഒരു മാവിൽ 30 തരം മധുരക്കനികൾ മാമ്പഴ വൈവിദ്ധ്യവുമായി ഉമ്മർ
കണ്ണൂർ: നാടാകെ മാമ്പഴസുഗന്ധം പരക്കുമ്പോൾ വിവിധതരം മാവുകൾ തേൻമധുരം പൊഴിക്കുകയാണ് ഉമ്മറിന്റെ മാന്തോപ്പിൽ. നാട്ടുമാവുകൾ മുതൽ ഒട്ടുമാവുകൾ വരെ മധുരക്കനികൾ സമ്മാനിക്കുന്നു. മാമ്പഴത്തിന്റെ എൻസൈക്ലോപീഡിയ ആണ് ടി.കെ. ഉമ്മർ. മാമ്പഴത്തിന്റെ കാര്യത്തിൽ എന്ത് സംശയവും മലയാളം അദ്ധ്യാപകൻ കൂടിയായ ഉമ്മറിനോട് ചോദിക്കാം. കല്ല്യാശ്ശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് മലയാളം അദ്ധ്യാപകനായി അഞ്ചു വർഷം മുമ്പ് സർവീസിൽ നിന്ന് വിരമിച്ചു. പിലാത്തറ ചിറ്റനൂരിലെ വീടിനോട് ചേർന്ന രണ്ടര ഏക്കർ സ്ഥലത്താണ് കൃഷിയിടം. ചെറുപ്പം മുതൽ കാർഷിക മേഖലയോട് ഇഷ്ടമായിരുന്നു. എന്നാൽ സർവീസ് കാലത്ത് കൃഷിയിൽ അത്ര മുഴുകാൻ സാധിച്ചിരുന്നില്ല. വിരമിച്ച ശേഷം ഭൂമി വാങ്ങി മഴയും വെയിലും നോക്കാതെ മണ്ണിൽ അദ്ധ്വാനിക്കുകയാണ് മാഷ്. കാടുകയറിയ പ്രദേശം അഞ്ചുവർഷം കൊണ്ടാണ് തോട്ടമാക്കി മാറ്റിയത്. രാവിലെ 7ന് തുടങ്ങുന്ന കാർഷിക ജോലികൾ രാത്രി വരെ നീളും. മറ്റു കൃഷികൾ കൂടാതെ 100ലധികം മാവിനങ്ങൾ ആണ് ഇന്ന് മാഷിന്റെ പറമ്പിൽ ഉള്ളത്.
കേരളത്തിലെ മഴക്കാലത്തും മാങ്ങ ഉണ്ടാകുന്ന കാറ്റിമോൺ, ലോകത്ത് ഏറ്റവും മധുരമുള്ള ഫിലിപ്പീൻസ് ഗുമാറസ്, എല്ലാ സമയത്തും പൂക്കുന്ന അഗാമം, രാമന്തളി സ്വദേശി രവീന്ദ്രനാഥിൽ നിന്ന് കണ്ടെത്തിയ ഏറ്റവും കൂടുതൽ കാലം മാങ്ങകൾ ഉണ്ടാകുന്ന രവീന്ദ്രനാഥ് മാങ്ങ... ഇവയൊക്കെ മാഷിന്റെ തോട്ടത്തിൽ ഉണ്ട്. ഗുയേഫി, സൂപ്പർ ക്യൂൻ, ഗോലക്, പെൻ കെൻലിംഗ്, ഒബ്രാൻ, നാം ഡോക്, മായി ഗ്രീൻ ഉൾപ്പെടെയുള്ള വിദേശ ഇനങ്ങളും ഇവിടെ ഉണ്ട്.
പാഠ്യപദ്ധതിയിൽ കൃഷി ഒരു പാഠമാക്കി എടുക്കണം എന്നതാണ് മാഷിന്റെ അഭിപ്രായം.
16 സെന്റിൽ മാന്തോപ്പ്
രണ്ടര ഏക്കറിൽ വെറും 16 സെന്റിലാണ് നൂറുകണക്കിന് മാവുകൾ സ്ഥിതി ചെയ്യുന്നത്. ഓരോ യാത്രകളിലും പരിചയപ്പെടുന്ന മാവുകളെ മാഷ് വീട്ടിലെത്തിക്കും. അധികം സ്ഥലം ഇല്ലാത്തവർക്ക് വേറിട്ട ഇനങ്ങളെ വളർത്തി എടുക്കാൻ ഉള്ള ഏറ്റവും നല്ല മാർഗം ആണ് ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും എന്ന് ഉമ്മർ പറയുന്നു. മാവുകളിൽ മൂന്നു മുതൽ 30 ഇനങ്ങൾ വരെ ഗ്രാഫ്റ്റ് ചെയ്തും ബഡ് ചെയ്തും വച്ചിട്ടുണ്ട്. ഇവയിൽ പലതും കായ്ച്ചു തുടങ്ങി.
മാവു മാത്രമല്ല, പ്ലാവും
കർണാടകയിൽ നിന്ന് എത്തിച്ച രാമചന്ദ്ര, പ്രശാന്തി, അനന്യ ഉൾപ്പടെ 20 ഓളം പ്ലാവുകളും, സ്വദേശി വിദേശി ഇനങ്ങളായ ഫല സസ്യങ്ങളും തോട്ടത്തിലുണ്ട്. മരമുന്തിരി എന്നറിയപ്പെടുന്ന ജബൂട്ടിക്കാബ, സപ്പോർട്ട ഇനത്തിൽ പെടുന്ന അബി തുടങ്ങിയവ ഇതിൽ ചിലതാണ്. ഇതിനെല്ലാം പുറമെ തൈകൾ ആവശ്യക്കാർക്ക് നൽകുന്നുമുണ്ട് അദ്ദേഹം.