കല്യാണിയിൽ ചരിത്രമായി മംഗല്യ കൂട്ടായ്‌മ

Monday 19 May 2025 2:22 AM IST

ആലപ്പുഴ: ചരിത്രമായി കല്യാണിയിൽ മംഗല്യ കൂട്ടായ്മ. ഒരേ വേദിയിൽ വിവിധ കാലഘട്ടങ്ങളിൽ വിവാഹിതരായ നൂറിലധികം ദമ്പതികളാണ് ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ ഇന്നലെ ഒത്തുചേർന്നത്. എല്ലാ ദമ്പതികൾക്കും അവരുടെ ഫോട്ടോ ഉൾപ്പെടുത്തിയ മൊമന്റോകൾ കല്യാണി ഓഡിറ്റോറിയം ഉടമ കല്യാൺ കുമാറും ഭാര്യ ഷീല കല്യാൺ കുമാറും ചേർന്ന് സമ്മാനിച്ചു. വിവിധ ജില്ലകളിൽ നിന്നും സേലത്ത് നിന്നുമടക്കമാണ് ദമ്പതികളെത്തിയത്. ചടങ്ങിൽ ആലപ്പുഴ സ്വദേശികളായ ഗോപി - വിജയലക്ഷി എന്നിവരെ മാതൃകാ അദ്ധ്യാപക ദമ്പതികളായും, ഡോ.സുരേഷ് രാഘവൻ - ഡോ.ശാന്തി എന്നിവരെ മാതൃകാ ഡോക്ടർ ദമ്പതികളായും ആദരിച്ചു. സീനിയർ ഓഡിറ്റർ അബ്ദുൾ റഹീമിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. ദമ്പതികൾക്കായി വിവിധ മത്സരങ്ങളും വേദിയിൽ ഒരുക്കിയിരുന്നു. 1921 മുതൽ കയർ ഫ്ലോർ ഫർണിഷിംഗ് കമ്പനിയായി ആരംഭിച്ച കെട്ടിടം കഴിഞ്ഞ നാൽപ്പത്തിരണ്ട് വർഷങ്ങളായി ഓഡിറ്റോറിയമായി പ്രവർക്കുകയാണ്. എണ്ണൂറിലധികം വിവാഹങ്ങൾ ഓഡിറ്റോറിയത്തിലെ രണ്ട് വേദികളിലായി നടന്നിട്ടുണ്ട്. വരും വർഷങ്ങളിലും സംഗമം നടത്താനാണ് ഓഡിറ്റോറിയം ഉടമ സോണി ജെ.കല്യാൺകുമാറിന്റെ ആഗ്രഹം. ഒരുപക്ഷേ,​ രാജ്യത്ത് തന്നെ ആദ്യമായാണ് വിവാഹ വേദി കേന്ദ്രീകരിച്ച് ദമ്പതികളുടെ സംഗമം നടക്കുന്നത്.