ബാങ്കിംഗ് സേവനങ്ങൾക്ക് കൂടുതൽ സഖിമാർ റെഡി!

Monday 19 May 2025 2:27 AM IST

ആലപ്പുഴ: ബാങ്കിംഗ് സേവനങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കാനൊരുങ്ങി കുടുംബശ്രീ. ഇതിനായി കുടുംബശ്രീ ബിസിനസ് കറസ്‌പോണ്ടന്റ് സഖിമാരെ കൂടുതലായി നിയോഗിക്കും. സംസ്ഥാനത്ത് കുടുംബശ്രീയുടെ 760 ബിസിനസ് കറസ്‌പോണ്ടന്റ് സഖിമാരാണ് (ബി.സി സഖി) നിലവിലുള്ളത്. ഈ വർഷം 400 സി.ഡി.എസുകളിൽ കൂടി ബി.സി സഖിമാരെ നിയമിക്കാനാണ് ആലോചന. ഇതിനായി കുടുംബശ്രീ അംഗങ്ങളിൽ നിന്ന് അർഹരായവരെ കണ്ടെത്തി ബാങ്കുകൾക്ക് ലിസ്റ്റ് കൈമാറിക്കഴിഞ്ഞു. ബാങ്കുകൾക്ക് വേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള ഏജൻസികൾ മുഖേനയാണ് ഇവരെ നിയമിക്കുന്നത്.

ഒരു സി.ഡി.എസിൽ ഒരു ബി.സി സഖി എന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ നിർദ്ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാവ‌ർക്കും സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കുകയാണ് ലക്ഷ്യം. സാമൂഹിക പെൻഷൻ വാങ്ങുന്ന അഗതി കുടുംബങ്ങളിലെ അംഗങ്ങളായ അനേകം പേർക്ക് ബി.സി സഖിമാരുടെ സേവനം നിലവിൽ പ്രയോജനപ്പെടുന്നുണ്ട്.

ഇടപാടുകൾ പതിനായിരം രൂപ വരെ

1.ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവർക്കും, പെൻഷൻ വാങ്ങുന്നത് അടക്കമുള്ള ആവശ്യങ്ങൾക്കായി ബാങ്കിൽ പോകേണ്ടി വരുന്ന ശാരീരിക അവശത അനുഭവിക്കുന്നവർക്ക് ബി.സി സഖിമാരുടെ സേവനം സഹായകമാണ്

2.ദേശസാൽകൃത ബാങ്കുകൾ ഉൾപ്പെടെ വിവിധ ബാങ്കുകൾ നടപ്പിലാക്കുന്ന നിക്ഷേപ പദ്ധതികൾ, വ്യക്തിഗത ചെറുകിട വായ്പകൾ, ഇൻഷ്വറൻസ് പദ്ധതികൾ, പണം നിക്ഷേപിക്കലും പിൻവലിക്കലും തുടങ്ങി നിരവധി സേവനങ്ങൾ ബി.സി സഖിമാർ മുഖേന ലഭ്യമാണ്

3.പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, പോസ്റ്റൽ റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും ലഭിക്കും. പതിനായിരം രൂപ വരെയുള്ള ധന ഇടപാടുകൾ ഇവർ മുഖേന നടത്താനാകും

4.കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത അംഗങ്ങളാണ് ബി.സി സഖിമാർ. ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് കമ്മിഷൻ വ്യവസ്ഥയിലാണ് വരുമാനം. മികച്ച രീതിയിൽ പ്രവർത്തിക്കുന്നവർക്ക് കുടുംബശ്രീ മുഖേന സാമ്പത്തിക സഹായവും നൽകുന്നുണ്ട്