ഗൃഹനാഥനെ വീട്ടിൽക്കയറി ആക്രമിച്ചു; 3 പേർ പിടിയിൽ
Monday 19 May 2025 1:37 AM IST
ശംഖുംമുഖം: കടമായി നൽകിയ പണവും സ്വർണവും തിരികെ ചോദിച്ചതിന്റെ പേരിൽ ഗൃഹനാഥനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ മൂന്നംഗസംഘം പിടിയിൽ. പൂന്തുറ സ്വദേശികളായ അനു (28) സനുക്കുട്ടൻ (25) മൈക്കിൾ (38) എന്നിവരെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്.
പൊലീസ് പറയുന്നത്: പൂന്തുറ പള്ളിവിളാകം പുരയിടത്തിൽ താമസിക്കുന്ന ശിൽവപിള്ള സനുക്കുട്ടന്റെ മാതാവിന് കുറച്ച് പണവും സ്വർണവും കടമായി നൽകിയിരുന്നു. ഇത് മടക്കിത്തരണമെന്ന് ശിൽവപിള്ള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ സനുക്കുട്ടനും മൂന്ന് സുഹൃത്തുകളും ചേർന്ന് ശിൽവപിള്ളയെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യ പൂർണിമയെയും ചെറുമകൻ സ്റ്റീഫനെയും സംഘം മർദ്ദിച്ചു. തുടർന്ന് ശിൽവപിള്ള പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട നാലാമനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.