കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ; യുവതി ആശുപത്രി വിട്ടു
തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന ശേഷം ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിട്ടു. ശനിയാഴ്ച രാത്രിയാണ് എം.എസ്.നീതു വീട്ടിലെത്തിയത്. മുറിവിന്റെ വേദനയും ശാരീരിക ബുദ്ധിമുട്ടികളും കാരണം നീതു മാനസികമായും സമ്മർദ്ദത്തിലാണ്. തുടർചികിത്സയ്ക്ക് 30ലക്ഷത്തോളം രൂപ ചെലവായി. അതേസമയം ആരോപണവിധേയരായ കഴക്കൂട്ടം കുളത്തൂർ കോസ്‌മെറ്റിക് ക്ലിനിക്ക് അധികൃതർക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് നീതുവിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് നിവേദനം നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. എന്നാൽ ക്ലിനിക്കിലെ ജീവനക്കാരുടെ ഉൾപ്പെടെ വിശദമായ മൊഴി രേഖപ്പെടുത്തി തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ക്ലിനിക്ക് അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡി.എം.ഒ) റിപ്പോർട്ട്. ജില്ലാ എത്തിക്സ് കമ്മിറ്റി നിയോഗിച്ച ഡോക്ടർമാരുടെ വിദഗ്ദ്ധസമിതി നൽകിയ റിപ്പോർട്ടിൽ ക്ലിനിക്ക് അധികൃതരെ സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ജില്ല. ഗവ.പ്ലീഡർ ടി.ഗീനകുമാരി നിലപാടെടുത്തതോടെ ഈ റിപ്പോർട്ടിലും പൊലീസിന് കൂടുതൽ വ്യക്തതവേണ്ടിവരും.