വി.കെ.രാജൻ സ്മാരക അവാർഡ് എ.കെ.ചന്ദ്രന്
Monday 19 May 2025 12:18 AM IST
കൊടുങ്ങല്ലൂർ : മുൻമന്ത്രി വി.കെ.രാജന്റെ സ്മരണയ്ക്കായി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡിന് സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ എ.കെ.ചന്ദ്രൻ അർഹനായതായി സമിതി ചെയർമാൻ സി.എൻ.ജയദേവനും കൺവീനർ കെ.ജി.ശിവാനന്ദനും അറിയിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ആറ് പതിറ്റാണ്ടുകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള ചന്ദ്രൻ സി.പി.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ബി.കെ.എം.യു സംസ്ഥാന പ്രസിഡന്റ്, ചാലക്കുടി മുനിസിപ്പൽ ചെയർമാൻ, മാള എം.എൽ.എ എന്നീ നിലകളിൽ പ്രവർത്തിച്ചു.
29ന് വി.കെ.രാജൻ ചരമദിനാചരണത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ അവാർഡ് സമർപ്പിക്കും. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.