ഇന്ത്യൻ വിപണി പിടിക്കാൻ ഒരു അമേരിക്കൻ ഇന്ത്യൻ FTR 1200

Monday 09 September 2019 6:07 AM IST

അമേരിക്കൻ മണ്ണിൽ പിറന്ന, ആദ്യ മോട്ടോർസൈക്കിൾ ബ്രാൻഡായ 'ഇന്ത്യൻ" കമ്പനി, ഇന്ത്യയിൽ അവതരിപ്പിച്ച പുത്തൻ മോഡലുകളാണ് എഫ്.ടി.ആർ 1200, എഫ്.ടി.ആർ 1200 എസ് റേസ് റപ്ളിക്ക എന്നിവ. കൈയിൽ ആവശ്യത്തിലേറെ പണമുള്ളവർക്കും ആഡബംര ബൈക്കുകളെ ഇഷ്‌ടപ്പെടുന്നവർക്കും തീർച്ചയായും വാങ്ങാവുന്ന രണ്ടു മോഡലുകൾ.

അതീവസുന്ദരമാണ് രൂപകല്‌പന. ശ്രേണിയിലെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്‌തവുമാണ്. അത്യാഡംബര ബൈക്കുകളിൽ പുതിയ ശ്രേണിക്ക് തന്നെയാണ് ഈ മോഡലുകൾ തുടക്കമിടുന്നത്. ഇവയുടെ രൂപവും പെർഫോമൻസും അത് ശരിയും വയ്ക്കുന്നു. സ്‌പോർട്ടീയും വിനോദവും ഒന്നിക്കുന്ന ലുക്കാണ് എഫ്.ടി.ആർ 1200നും 1200 എസിനുമുള്ളത്. അതേസമയം, റേസ് - ട്രാക്ക് ഭാവവും പക‌ർന്ന് കിട്ടിയിട്ടുണ്ട്. ഇന്ധനടാങ്കിൽ 'ഇന്ത്യൻ" എന്ന് കൊത്തിവച്ചതിൽ നിന്ന് തുടങ്ങുകയാണ് പുതിയ എഫ്.ടി.ആർ ശ്രേണിയുടെ ഭംഗി.

നേക്കഡ് റോഡ്‌സ്‌റ്റർ, സ്‌ക്രാംബ്ളർ എന്നിവയുടെ 'ക്രോസ്" എന്ന് ഈ പുതിയ ബൈക്കുകളെ വിശേഷിപ്പിക്കാം. ഇന്ത്യന്റെ പഴയ 'എഫ്.ടി.ആർ 750" റേസ് ബൈക്കിനെ അനുസ്‌മരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളും ഇവയിൽ കാണാം. പിന്നിലേക്ക് ഒഴുകി വീഴുംപോലെയുള്ള ഇന്ധനടാങ്ക്, സ്വർണനിറം പൂശിയ യു.എസ്.ഡി., കൂർത്ത ആകൃതിയുള്ള പിൻഭാഗം, ആകർഷണീയമായ ഡ്യുവൽ എക്‌സ്‌ഹോസ്‌റ്റ്, വട്ടത്തിൽ തീർത്ത ഹെഡ്‌ലാമ്പ്, തടിച്ച ഡ്യുവൽ സ്‌പോർട്ട് ടയറുകൾ എന്നിവ പുതിയ എഫ്.ടി.ആർ ശ്രേണിയെ മനോഹരമാക്കുന്നു.

ഇന്ത്യന്റെ തനത് ഉന്നത നിലവാരം കൂടിച്ചേർന്നപ്പോൾ ബൈക്ക് കൂടുതൽ മികവുറ്റതും ആയിട്ടുണ്ട്. ഇരുഭാഗത്തെയും സസ്‌പെൻഷനുകൾ ക്രമീകരിക്കാവുന്നതാണ്. മികച്ച റിസൾട്ടും അവയിൽ നിന്ന് കിട്ടുന്നുണ്ട്. റെയിൻ, സ്‌റ്റാൻഡേർഡ്, സ്‌പോർട്ട് എന്നീ റൈഡിംഗ് മോഡുകൾ ബൈക്കിനുണ്ട്. 4.3 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻസ്‌ട്രുമെന്റ് കൺസോളിൽ ഈ മോഡുകൾ, ട്രാക്‌ഷൻ കൺട്രോൾ, സ്‌മാർട്‌ഫോൺ കണക്‌ടിവിറ്രി, സംഗീതം തുടങ്ങിയ ഓപ്‌ഷനുകൾ കാണാം.

ഗ്ളൗവ്സ് ഇട്ടും ഓപ്പറേറ്ര് ചെയ്യാനാവുന്ന വിധമാണ് ഇൻസ്‌ട്രുമെന്റ് കൺസോളിന്റെ നിർമ്മാണം. എ.ബി.എസ്., ക്രൂസ് കൺട്രോൾ തുടങ്ങിയവയ്‌ക്കും ബൈക്കിൽ സ്ഥാനമുണ്ട്. ഫുൾ-എൽ.ഇ.ഡി ലൈറ്രിംഗും ബൈക്കിന്റെ അഴകിന് തിളക്കമേകുന്നു. 120 ബി.എച്ച്.പി കരുത്തും 120 എൻ.എം ടോർക്കുമുള്ള, ലിക്വിഡ് കൂളായ 1,203 സി.സി വി-ട്വിൻ എൻജിനാണുള്ളത്. ഗിയറുകൾ ആറ്. നേരത്തേ സൂചിപ്പിച്ചപോലെ, സ്‌പോർട്ടീ റൈഡിംഗും ആനന്ദവും സമ്മാനിക്കുന്ന പെർഫോമൻസ് പുതിയ എഫ്.ടി.ആർ ശ്രേണിയിൽ നിന്ന് പ്രതീക്ഷിക്കാം. 1200 എസിന് 15.99 ലക്ഷം രൂപയും എസ് റേസ് റപ്ളിക്കയ്ക്ക് 17.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.